കോഴിക്കോട്
ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ കെ കെ രാജാറാം അറിയിച്ചു.
കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനാൽ വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കണം. ടെറസ്, പാത്തി, ഓവർഹെഡ് ടാങ്ക്, ഫ്രിഡ്ജിന്റെ ബാക് ട്രേ, ഫ്ലവർ വേസ്, അലങ്കാരച്ചെടി, ചെടിച്ചട്ടികൾ, ഉപയോഗിക്കാത്ത ക്ലോസെറ്റ്, സൺ ഷെയ്ഡ്, പരിസരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ടത്തോടുകൾ, ചിരട്ടകൾ, ടയറുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് ബിന്നുകൾ, ആഴം കുറഞ്ഞ കിണറുകൾ, മരപ്പൊത്തുകൾ, പാറയിടുക്കുകൾ, വെള്ളം പിടിച്ചുവയ്ക്കുന്ന പാത്രങ്ങൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക.
ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യം തരംതിരിച്ച് സംസ്കരിക്കണം. പാഴ് ചെടികൾ വെട്ടിനശിപ്പിച്ച് പാള, ഓല തുടങ്ങിയവ നീക്കം ചെയ്യണം. ടാപ്പിങ്ങിനുശേഷം റബ്ബർ തോട്ടത്തിലെ ചിരട്ടകൾ കമിഴ്ത്തിവയ്‌ക്കാൻ ശ്രദ്ധിക്കണം.
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, ശരീരവേദന, തലവേദന, ഛർദി, ശരീരത്തിൽ ചുവന്ന തടിപ്പുകൾ തുടങ്ങിയവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ലക്ഷണം കണ്ടാൽ വിദഗ്ധ ചികിത്സക്ക് വിധേയമാകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..