വെസ്റ്റ്ഹിൽ
അനധികൃതമായി നിർമിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സർക്കാർ ഭൂമിയിൽ കൈയേറ്റം തുടരുന്നു. വെസ്റ്റ്ഹിൽ ഇന്ത്യൻ എക്‌സ്‌പ്രസിന് സമീപം സർക്കാർ കൈവശമുള്ള 32 സെന്റ് ആണ് നവമി ആഘോഷത്തിന്റെ പേരിൽ ഭജനമഠം വൃത്തിയാക്കലും ശുചീകരണവും നടക്കുന്നത്. വിശ്വാസം മറയാക്കി കൂടുതൽ ഭൂമി കൈയേറാനുള്ള ശ്രമവുമുണ്ട്.
ആളില്ലാത്തതിനാൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 2016ലാണ് ചിലർ ഭജനമഠം നിർമിച്ചത്. സർക്കാർ ഭൂമി കൈയേറിയാണ് ഭജനമഠം സ്ഥാപിച്ചതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച സിറ്റി പൊലീസ് കമീഷണർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇത്തരം സ്ഥാപനങ്ങൾ അനുവദിക്കരുതെന്ന് ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കി കൈയേറ്റം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. കോടതി നിർദേശപ്രകാരം പൊളിച്ചുമാറ്റപ്പെടേണ്ട മഠത്തിൽ പരിപാടികൾ നടത്താൻ അനുവദിക്കുന്നത് നിയമലംഘനത്തിന് കൂട്ടുനിൽക്കലും കോടതിയലക്ഷ്യവുമാണെന്ന് നാട്ടുകാർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..