29 March Friday

വിലങ്ങിടാം ലഹരി മാഫിയക്ക്‌ രക്ഷിക്കണം കുട്ടികളെ

എ സജീവ് കുമാർUpdated: Monday Jun 27, 2022

കൊയിലാണ്ടി നഗരത്തിലെ ഒഴിഞ്ഞ കെട്ടിടത്തിൽ കണ്ട ലഹരി വസ്തുക്കൾ

 

കൊയിലാണ്ടി
ലഹരി കുത്തിവച്ച് അബോധാവസ്ഥയിലാക്കി 15 വയസ്സുകാരനെ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌. മയക്കുമരുന്നു വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് പറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്‌ച ഡിവൈഎഫ്ഐ പ്രവർത്തകനെ ഒരു സംഘം ആക്രമിച്ചു. ലഹരിമാഫിയക്കെതിരെ പ്രതികരിച്ച സാമൂഹ്യ പ്രവർത്തകന്റെ ഫേസ്ബുക്ക് അക്കൗണ്ട്‌ റിപ്പോർട്ട്‌ ചെയ്‌ത്‌ പൂട്ടിച്ചു. കൊയിലാണ്ടി നഗര മേഖല കേന്ദ്രീകരിച്ച്‌ ലഹരി മാഫിയ പിടിമുറുക്കുന്നതിന്റെ സൂചനകളാണ് ഈ സംഭവങ്ങളെല്ലാം. ഇതോടെ നടപടികൾ ശക്തമാക്കുകയാണ്‌ പൊലീസും എക്‌സൈസും.
സ്കൂളുകളും കോളേജുകളും തുറന്നതോടെ കുട്ടികളെ കേന്ദ്രീകരിച്ച്‌ മേഖലയിൽ മയക്കുമരുന്നു വിൽപ്പന വ്യാപകമാകുന്നതെന്ന പരാതിയുയർന്നിട്ടുണ്ട്‌. റെയിൽവേ സ്റ്റേഷൻ ഭാഗത്തെ കാടു നിറഞ്ഞ ഭാഗങ്ങൾ, റെയിൽവേ ഓവർ ബ്രിഡ്ജിജിലേക്കുള്ള കോണിപ്പടികൾ, റെയിൽവേലൈൻ പരിസരങ്ങൾ, ബസ്‌ സ്റ്റാൻഡിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടങ്ങൾ, മാർക്കറ്റ് പരിസരത്തെ ജനങ്ങൾ തിങ്ങി നിറയുന്ന ഭാഗങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച്‌ വിൽപ്പന നടക്കുന്നതായാണ്‌ പരാതി. കുത്തിവച്ചതിനു ശേഷം ഒഴിവാക്കിയ സിറിഞ്ചുകൾ പലയിടങ്ങളിലും കാണാം. പ്രധാന വിൽപ്പന കേന്ദ്രങ്ങൾ തകർക്കാൻ പൊലീസും ഷാഡോ വിഭാഗവും ശക്തമായി രംഗത്തുണ്ട്‌. കുട്ടികളെ കരിയർമാരാക്കിയാണ് ടൗണിലെ വിൽപ്പനയെന്ന്‌ പൊലീസ്‌ സംശയിക്കുന്നുണ്ട്. സ്കൂൾ–-കോളേജ് വിദ്യാർഥികൾ ഇതിൽപ്പെട്ടിട്ടുണ്ടാകാം.
രാത്രി വൈകുംവരെ പല കുട്ടികളും നഗരത്തിൽ കറങ്ങുന്നതായി കച്ചവടക്കാരും പറയുന്നുണ്ട്. വിദ്യാർഥികളുടെ യൂണിഫോം മാറ്റി മറ്റു വസ്ത്രങ്ങൾ ധരിക്കാനുള്ള കേന്ദ്രങ്ങളും നഗരത്തിന്റെ പല ഭാഗത്തുമുണ്ട്. 
രക്ഷിതാക്കൾ, അധ്യാപകർ, കച്ചവടക്കാർ, പൊലീസ്, നഗരസഭാ അധികൃതർ, വിദ്യാർഥി, യുവജന സംഘടനകൾ അടക്കം വിവിധ സംഘടനകൾ ഒന്നിച്ചുചേർന്ന് ശക്തമായ ഇടപെടൽ നടത്തിയാലേ ലഹരി മാഫിയയെ തുരത്താനാകൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top