28 March Thursday

യുവാവിനെ മുക്കിക്കൊല്ലാൻ ശ്രമം എസ്‌ഡിപിഐ നേതാവിന്റെ പങ്ക്‌ പുറത്ത്‌

സ്വന്തം ലേഖകൻUpdated: Monday Jun 27, 2022

 

 
കോഴിക്കോട്‌
ബാലുശേരിയിലെ പാലോളിമുക്കിൽ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിക്കുനേരെ നടന്നത്‌ ആൾക്കൂട്ട അക്രമമെന്ന പൊലീസ്‌–-എസ്‌ഡിപിഐ –-ലീഗ്‌വാദം പൊളിയുന്നു. സംഭവത്തിൽ എസ്‌ഡിപിഐ–-ലീഗ്‌ പ്രവർത്തകർക്ക്‌ ഒരു ബന്ധവുമില്ലെന്ന്‌ നേതൃത്വം ആവർത്തിക്കുന്നതിനിടയിലാണ്‌ എസ്‌ഡിപിഐ  നേതാവ്‌ അവിടനല്ലൂരിലെ മൂടോട്ടും കണ്ടി ഷഫീർ ജിഷ്‌ണുരാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നത്‌. ബുധനാഴ്‌ച രാത്രിയുണ്ടായ സംഭവത്തിൽ അകലെയുള്ള സഫീർ  പാലോളിമുക്കിലെത്തിയത്‌ എങ്ങനെയെന്നതും ദുരൂഹമാണ്‌. സഫീർ ജിഷ്ണുരാജിനെ പ്രത്യേകരീതിയിൽ കൈ പിറകിലൂടെ പിടിച്ച് തല തോട്ടിൽ മുക്കി ഉയർത്തുന്നതാണ്‌  ദൃശ്യങ്ങളിലുള്ളത്. ശാസ്‌ത്രീയമായ പരിശീലനം നേടിയ ആളുകൾക്കേ ഇങ്ങനെ പ്രത്യേക രീതിയിൽ കൈപിടിക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.   സഫീറിനെ സംഭവസ്ഥലത്തേക്ക്‌ ഫോണിൽ വിളിച്ചുവരുത്തിയതാരെന്ന്‌ അന്വേഷിക്കുമെന്നും പൊലീസ്‌ പറഞ്ഞു.  
ജീവനായി  ജിഷ്‌ണുരാജ്‌ കേണിട്ടും  സഫീറിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി വേട്ടയാടുന്നതും സിപിഐ എം പ്രാദേശിക നേതാക്കളുടെ പേര്‌ നിർബന്ധിപ്പിച്ച്‌ പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌. ജീവനിൽ കൊതിയുള്ളതുകൊണ്ടാണ്‌ പ്രാദേശിക നേതാക്കളുടെ പേര്‌ പറഞ്ഞതെന്ന്‌  ജിഷ്‌ണുരാജ്‌ പിന്നീട്‌ വെളിപ്പെടുത്തിയിരുന്നു. ഇത്‌ സത്യമാണെന്ന്‌ തെളിയുന്ന വീഡിയോയാണ്‌  പുറത്തുവന്നിരിക്കുന്നത്‌.
കഴിഞ്ഞ ബുധനാഴ്‌ച പിറന്നാളാഘോഷത്തിനെത്തിയ സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവെയാണ്‌ ജിഷ്‌ണുരാജിനെ ഒരുസംഘം എസ്‌ഡിപിഐ പ്രവർത്തകർ തടഞ്ഞുനിർത്തി താലിബാൻ മാതൃകയിൽ മൂന്നുമണിക്കൂറുകളോളം ക്രൂരമായി മർദിച്ചത്‌. എസ്‌ഡിപിഐ പോസ്‌റ്റർ നശിപ്പിച്ചത്‌ താനാണെന്ന്‌ ഭീഷണിപ്പെടുത്തി ജിഷ്‌ണുവിനെക്കൊണ്ട്‌ പറയിപ്പിക്കുകയും വാൾ പിടിപ്പിക്കുകയും എന്നിട്ട്‌ അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top