25 April Thursday

കേരളത്തിലെ മത്സ്യമേഖലയെ മാതൃകയാക്കാൻ തമിഴ് നാട്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
ഫറോക്ക്  
 തീരമേഖലയിൽ  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന  വികസന പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള പദ്ധതികളുൾപ്പെടെ വിശദമായി പഠിക്കാൻ   തമിഴ്നാട് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി എത്തി.  
 മത്സ്യത്തൊഴിലാളികൾക്കുള്ള  അടിസ്ഥാന സൗകര്യങ്ങൾ , ഫിഷിങ്‌ ഹാർബറുകൾ, ഫിഷ് ലാൻഡിങ്‌  സെന്ററുകൾ എന്നിവയുടെ സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ,   മത്സ്യത്തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കുമുള്ള പദ്ധതികൾ,  വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ പ്രത്യേക  സൗകര്യങ്ങൾ,  മൺസൂൺകാല നിയന്ത്രണവും ഇതിനായുള്ള മുന്നൊരുക്കം തുടങ്ങിയവ  പഠനസംഘം  വിലയിരുത്തി. 
 ചെന്നൈ ഫിഷിങ് ഹാർബർ പ്രോജക്ട് സർക്കിൾ ചീഫ് എൻജിനിയർ വി രാജു, ഫിഷറീസ് വെൽഫയർ ഡെപ്യൂട്ടി ഡയറക്ടർ കെ കാശിനാഥ പാണ്ഡ്യൻ, തമിഴ്നാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും ഫിഷറീസ് ഡെവലപ്മെന്റ്‌   കോർപറേഷൻ ഫിഷർമെൻ വെൽഫെയർ സീനിയർ മാനേജരുമായ പി പ്രദീപ് കുമാർ, ഫിഷിങ് ഹാർബർ കൊളച്ചൽ പ്രോജക്ട്‌ ഡിവിഷൻ അസി.എക്സി.എൻജിനിയർ എൻ ചിദംബരം മാർത്താണ്ഡൻ എന്നിവരടങ്ങിയ സംഘം   തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പ്രധാന മത്സ്യബന്ധനകേന്ദ്രങ്ങളിലെത്തി വിവരങ്ങൾ ശേഖരിച്ചു.  ഫിഷിങ്‌  ഹാർബറുകളുടെ പ്രവർത്തനമാണ്‌ സംഘം പ്രധാനമായും  ചോദിച്ചറിഞ്ഞത്.
 കേരളത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ,കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ്‌  കോർപറേഷൻ,
വിവിധ ഏജൻസികളായ അഡാക്ക്, സാഫ്, ഫിർമ   എന്നിവയുടെയും നിഫാം  ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെയും പ്രവർത്തന രീതികളും സംഘം മനസ്സിലാക്കി. തോപ്പുംപടി, മുനമ്പം,   പൊന്നാനി,   ബേപ്പൂർ, പുതിയാപ്പ എന്നീ തുറമുഖങ്ങളിലെത്തിയ സംഘം തുടർന്ന് കൊല്ലം നീണ്ടകര, തിരുവനന്തപുരം വിഴിഞ്ഞം എന്നിവിടങ്ങളും സന്ദർശിക്കും.വൈപ്പിനിൽ ഫിഷറീസ് സ്റ്റേഷൻ അസി.ഡയറക്ടർ എ അനീഷിൽനിന്നും  ബേപ്പൂരിൽ അസി.ഡയറക്ടർ എ ലബീബ്, ഹാർബർ എൻജിനിയറിങ്‌ വിഭാഗം അസി.എക്സി.എൻജിനിയർ കെ രാജേഷ് തുടങ്ങിയവരിൽനിന്നും തമിഴ്‌നാട്‌ സംഘം വിവരങ്ങൾ ശേഖരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top