28 March Thursday

ആരോഗ്യത്തിളക്കത്തിൽ കോഴിക്കോട്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
സ്വന്തം ലേഖകൻ
കോഴിക്കോട്‌
മാതൃകാ പദ്ധതികളുമായി ജനതയെ ചേർത്തുപിടിച്ച ജില്ലാ പഞ്ചായത്തിന്‌ കൈയടിക്കുകയാണ്‌ കേരളം. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്ക്‌ ജില്ലാ പഞ്ചായത്തിനുള്ള ആർദ്രകേരളം പുരസ്‌കാരം കോഴിക്കോടിനാണ്‌. അശരണർക്ക്‌ തണലായ സ്‌നേഹസ്‌പർശവും വൃക്കരോഗികൾക്ക്‌ പുതുജീവിതമേകിയ ജീവജ്യോതിയും വളർച്ചാ പ്രശ്‌നങ്ങളുള്ള കുട്ടികൾക്ക്‌ കരുതലേകിയ സ്‌പന്ദനവും ഉൾപ്പെടെ അംഗീകാരത്തിലേക്കുള്ള യാത്രക്ക്‌ കരുത്തായ പദ്ധതികൾ ഏറെ. ജീവിതശൈലീരോഗം നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്ന ‘ജീവതാളം’ പദ്ധതി പിന്നീട്‌ സംസ്ഥാനമാകെ ഏറ്റെടുത്തു. 
2021-–-22ൽ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പം തുടങ്ങിയവ പരിഗണിച്ചാണ്‌ മുൻഗണനാ പട്ടിക തയ്യാറാക്കിയത്‌. പ്രതിരോധ കുത്തിവെപ്പ്, വാർഡ്‌തല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതന ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം തുടങ്ങിയവയും വിലയിരുത്തി. 
കരുതൽ ‘സ്‌പന്ദനം’
വളർച്ചാ–- പെരുമാറ്റ പ്രശ്‌നങ്ങളുള്ള കുട്ടികൾക്കുള്ള ചികിത്സാ- പരിശീലന പദ്ധതിയാണ്‌ സ്‌പന്ദനം. പുറക്കാട്ടിരിയിലെ ആയുർവേദ ആശുപത്രിയാണ്‌ ജില്ലാ കേന്ദ്രം. ഇതിനുപുറമെ ആറ്‌ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌ടർമാരുടെ സേവനമുണ്ട്‌. 
ജീവിതമേകി ‘ജീവജ്യോതി’
വൃക്കമാറ്റ ശസ്‌ത്രക്രിയാ ചെലവിന്‌ എന്തുചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലായവർക്ക്‌ പുതുജീവിതമേകിയ പദ്ധതിയാണ്‌ സ്‌നേഹസ്‌പർശത്തിന്റെ ഭാഗമായ ‘ജീവജ്യോതി’. 2022 ഫെബ്രുവരി ഏഴിനാണ്‌ പദ്ധതി തുടങ്ങിയത്‌. മറ്റ്‌ സർക്കാർ പദ്ധതികളിൽ ഉൾപ്പെടാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ്‌ സഹായം. അഞ്ച്‌ മുതൽ ആറ്‌ ലക്ഷം രൂപവരെ ചെലവുവരുന്ന ശസ്‌ത്രക്രിയയാണ്‌ സൗജന്യമായി ചെയ്യുന്നത്‌. ശസ്ത്രക്രിയാ തീയതി മുതൽ ദാതാവിന് അഞ്ച്‌ ദിവസത്തേയും സ്വീകർത്താവിന് 10 ദിവസത്തേയും മുറിവാടകയും നൽകുന്നു.
സ്‌നേഹസ്‌പർശം
വൃക്കരോഗികൾക്കുള്ള മരുന്ന്‌ സൗജന്യമായി നൽകുന്ന പദ്ധതിയാണ്‌ സ്‌നേഹസ്‌പർശം. വർഷങ്ങളായി ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന മാതൃകാ പദ്ധതിയാണിത്‌. വൃക്ക മാറ്റിവച്ചാൽ സ്വീകർത്താവ് സ്ഥിരമായി കഴിക്കേണ്ട ജീവൻ രക്ഷാമരുന്നുകളും വീട്ടിലെത്തിക്കുന്നു. ഡയാലിസിസ്‌ ചെയ്യുന്നവർക്ക്‌ സാമ്പത്തിക സഹായവും നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top