20 April Saturday

നേരിയ ആശ്വാസം

സ്വന്തം ലേഖികUpdated: Friday Mar 27, 2020

 

 
കോഴിക്കോട‌്
ജില്ലയിൽ രണ്ടാം ദിവസവും കോവിഡ‌് പോസിറ്റീവ‌് കേസുകളില്ല. വ്യാഴാഴ‌്ച സംസ്ഥാനത്ത‌് 19 പേർക്ക‌് രോഗം സ്ഥിരീകരിച്ചെങ്കിലും കോഴിക്കോട്ട്‌ കേസുകളില്ലെന്നത‌് ആശ്വാസം പകരുന്നു.  അതേസമയം, ജാഗ്രതാ നടപടികൾ കർശനമായി തുടരുകയാണ‌്.  ഇതുവരെ 10,848 പേരാണ‌് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത‌്. ഇതിൽ പതിനായിരത്തിനടുത്ത‌് ആളുകൾ  വിദേശത്ത‌ുനിന്നും മറ്റും  വിവിധ വിമാനത്തിൽ സഞ്ചരിച്ചെത്തിയവരാണ‌്. രോഗം സ്ഥിരീകരിച്ച കാസർക്കോട്ടുള്ള രണ്ട‌ുപേരും ഒരു കണ്ണൂർ സ്വദേശിയുമടക്കം എട്ട് പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഫലം കാത്തിരിക്കുന്ന ആശുപത്രിയിലുള്ള 35 പേരിൽ  26 പേർ  ബീച്ച് ജനറൽ ആശുപത്രിയിലും ഒമ്പത‌ുപേർ മെഡിക്കൽ കോളേജിലുമാണ്. ഇതിൽ 17 പേർ ഹൈ റിസ‌്ക‌് വിഭാഗത്തിലാണ‌്. കോവിഡ‌് പ്രതിരോധത്തിന്റെ ഭാഗമായി വില്ലേജ്തലത്തിൽ 118 സ്ക്വാഡുകൾ  പ്രവർത്തിക്കുന്നു.
തെരുവിൽ കഴിയുന്ന 596 പേരെ ആറ‌് കേന്ദ്രങ്ങളിലേക്ക‌് മാറ്റി. ശേഷിക്കുന്നവരെ അടുത്ത ദിവസം മാറ്റുമെന്ന‌് കലക്ടർ എസ‌് സാംബശിവ റാവു വാർത്താസമ്മേളനത്തിൽ അറിയിച്ചു.  രോഗലക്ഷണങ്ങൾ ഉള്ളവർ ഒരു തരത്തിലും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുത‌്. അതത‌് പ്രദേശത്തെ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ട‌് ആംബുലൻസിൽ മാത്രമേ ആശുപത്രിയിൽ പോകാവൂ. ലക്ഷണങ്ങളുള്ള രോഗിയെ ആദ്യം മെഡിക്കൽ കോളേജിലാണ‌് പ്രവേശിപ്പിക്കുക. പിന്നീട‌് സാഹചര്യം നോക്കിയാണ‌് ബീച്ച‌് ആശുപത്രിയിലേക്ക‌് മാറ്റുക. ജനപ്രതിനിധികളുമായി സംസാരിച്ച‌് 18 വെന്റിലേറ്ററുകൾക്കായുള്ള നടപടി ആരംഭിച്ചിട്ടുണ്ട‌്. ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട‌്. കൂടുതൽ പിപിഇ കിറ്റുകൾക്കായും ഓർഡർ നൽകിയിട്ടുണ്ട‌്. എട്ട് കൊറോണ കെയർ സെന്ററുകൾ പ്രവർത്തനം തുടങ്ങി. മാനസിക ആരോഗ്യത്തിനായി 642പേർക്ക്  കൗൺസലിങ് നൽകി. കമ്യൂണിറ്റി കിച്ചനുകൾ അടുത്ത ദിവസം മുതൽ പൂർണമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top