19 April Friday
കമ്യൂണിറ്റി കിച്ചൻ റെഡി

പട്ടിണിയില്ലാതെ കാരശേരിയും ചോറോടും

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
മുക്കം/ഒഞ്ചിയം
കോവിഡ്‌ ജാഗ്രതയുടെ ഭാഗമായി രാജ്യത്താകെ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്നുറപ്പിക്കാൻ കാരശേരിയിലും ചോറോടും കമ്യൂണിറ്റി കിച്ചൻ സജ്ജീകരിച്ച് പഞ്ചായത്തുകൾ. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകമാണ്‌ സാമൂഹ്യ അടുക്കള പദ്ധതി നടപ്പാക്കിയത്‌.
കാരശേരിയിലെ പ്രധാന കാറ്ററിങ്‌ സർവീസ് യൂണിറ്റായ ‘അംവാജു’മായി   സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഭക്ഷണം ആവശ്യമുള്ളവർ  8593923981 എന്ന നമ്പറിൽ വിളിച്ച് ബുക്കുചെയ്താൽ അവരുള്ള സ്ഥലത്ത് ഭക്ഷണം എത്തിക്കും. ഇതിനായി യുവാക്കളെ വളന്റിയർമാരായി നിയോഗിച്ചിട്ടുണ്ട്. ഇവർ ഇരുചക്രവാഹനങ്ങളിലെത്തി ആവശ്യക്കാർക്ക് ഭക്ഷണം നൽകും. ആദ്യ ദിവസമായ വ്യാഴാഴ്ച പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും സമീപത്തെ മുക്കം നഗരസഭയിലും വളന്റിയർമാരുടെ സഹായത്തോടെ ഭക്ഷണപ്പൊതികൾ എത്തിച്ചു.
ലോക്ക് ഡൗൺ നിലനിൽക്കുന്ന കാലത്തോളം സംവിധാനം തുടരാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് പറഞ്ഞു. അംവാജ് ഉടമ മുഹമ്മദ് ഹനീഫയാണ് ആദ്യ ദിനം ഭക്ഷണം സ്പോൺസർ ചെയ്തത്. വീട്ടിൽ ഭക്ഷണം ആവശ്യമുള്ള ആരെങ്കിലുമുണ്ടെങ്കിൽ ഭക്ഷണത്തിന്റെ പണം നൽകി എത്തിച്ചു  കൊടുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വിതരണംചെയ്യാനുള്ള ഭക്ഷണപ്പൊതികൾ മുഹമ്മദ്‌ ഹനീഫയിൽനിന്ന് സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് സാമൂഹിക അടുക്കള പദ്ധതിക്ക് തുടക്കംകുറിച്ചു. വൈസ് പ്രസിഡന്റ് വി പി ജമീല, അബ്ദുള്ള കുമാരനല്ലൂർ, സവാദ് ഇബ്രാഹിം, സെക്രട്ടറി ഒ എ അൻസു എന്നിവരും പങ്കെടുത്തു.
ചോറോട് എംഎസ് യുപി സ്കൂളിലാണ്‌ ചോറോട് പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൻ തുടങ്ങിയത്‌. വീട്ടിൽനിന്ന് പുറത്തുപോകാൻ കഴിയാത്തവർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കും വീടുകളിൽ അവശത അനുഭവിക്കുന്ന സ്വന്തമായി പാചകം ചെയ്യാൻ കഴിയാത്തവർക്കും ഭക്ഷണം എത്തിക്കും. 
കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങളിൽ ആർആർടിയുടെ സഹായങ്ങൾ ഉണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top