25 April Thursday

വിധിനിർണയിക്കാൻ 24.7 ലക്ഷം വോട്ടർമാർ വികസനവീഥിയിലൂടെ 
തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

  കോഴിക്കോട്‌

വികസനക്കുതിപ്പിന്റെ അനുഭവസാക്ഷ്യവുമായി ജില്ല തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌‌.  13 മണ്ഡലങ്ങളിലും  അടിമുടി മാറിയ പുരോഗതിയാണുണ്ടായിട്ടുള്ളത്‌.  എപ്രിൽ ആറിന്‌  24.7 ലക്ഷം വോട്ടർമാർ ജില്ലയുടെ വിധി നിർണയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌  നാലു‌മാസത്തിനിടെയാണ്‌ നിയമസഭാ തെരഞ്ഞെടുപ്പെത്തുന്നത്‌.  കോവിഡ്‌ പ്രതിസന്ധിയുടെ കാലത്തും വികസന പ്രവൃത്തികളൊന്നും മുടങ്ങാതിരിക്കാൻ കാട്ടിയ ജാഗ്രത ജനങ്ങളിൽ എൽഡിഎഫിന്റെ പൊതുസ്വീകാര്യത  വർധിപ്പിച്ചിട്ടുണ്ട്‌. ആശുപത്രികൾ, വിദ്യാലയങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാന മേഖലകളിൽ  വികസനത്തിന്റെ പെരുമഴക്കാലമായിരുന്നു‌. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരം വർധിപ്പിക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കിയതിന്റെ  മേന്മയിലാണ്‌ ഇടതുപക്ഷം ജനങ്ങളെ സമീപിക്കുന്നത്‌.  അഭയമറ്റവർക്ക്‌ ക്ഷേമപെൻഷനുകൾ നൽകി അവരുടെ ജീവിതത്തിനും പ്രതീക്ഷ പകരാൻ സർക്കാരിനായി.  കോവിഡ്‌ കാലത്ത്‌ പരിശോധനയും ചികിത്സയും കരുതലും ഭക്ഷണവും നൽകിയാണ്‌  സർക്കാർ കടമ നിറവേറ്റിയത്‌.   
 ജില്ല, ബ്ലോക്ക്‌‌, ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അവിശുദ്ധ സഖ്യത്തെ തകർത്ത്‌ മിന്നുന്ന വിജയമാണ്‌ എൽഡിഎഫ്‌ ജില്ലയിൽ നേടിയത്‌. കോഴിക്കോട്‌ സൗത്തും‌ കുറ്റ്യാടിയും ഒഴികെ 11 മണ്ഡലവും ഇടതുപക്ഷത്തിനൊപ്പമാണ്‌. രണ്ട്‌ പതിറ്റാണ്ടിലേറെയായി ഒരുപ്രതിനിധിയെപ്പൊലും വിജയിപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്‌  കോൺഗ്രസ്‌. ഇക്കുറി സമ്പർണ വിജയമെന്ന ലക്ഷ്യവുമായി എൽഡിഎഫ്‌ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. 
മുൻ തെരഞ്ഞെടുപ്പിനെക്കാൾ 71,956 വോട്ടർമാരാണ്‌ ജില്ലയിൽ അധികമുള്ളത്‌.   കുന്നമംഗലം നിയമസഭാ മണ്ഡലത്തിലാണ്‌  കൂടുതൽ വോട്ടർമാർ- -–- 2,22,481. കുറവ്‌ വടകരയിൽ –- 1,61,641. കൂടുതൽ കന്നി വോട്ടർമാർ ബേപ്പൂരിലും (7844) കുറവ്‌ ബാലുശേരി (3529)യിലുമാണ്‌. 11,98,991 പുരുഷന്മാരും 12,71,920 സ്‌ത്രീകളും 42 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നതാണ്‌ വോട്ടർപട്ടിക. 11,64,651 പുരുഷന്മാരും 12,34,320 സ്‌ത്രീകളുമാണ്‌ കഴിഞ്ഞ തവണ വോട്ടവകാശമുണ്ടായിരുന്നവർ. കൊടുവള്ളിയൊഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ട്രാൻസ്‌ജെൻഡർ വോട്ടർമാർ ഇടംനേടിയിട്ടുണ്ട്‌. 
മുൻ തെരഞ്ഞെടുപ്പിൽ 25 ട്രാൻസ്‌ജെൻഡർമാരാണുണ്ടായിരുന്നത്‌. ഓരോ മണ്ഡലങ്ങളിലും കൂടുതലായി ഉൾപ്പെട്ട വോട്ടർമാരുടെ എണ്ണം: വടകര 3753, കുറ്റ്യാടി 8661, നാദാപുരം 7054, കൊയിലാണ്ടി 5005, പേരാമ്പ്ര 4813, ബാലുശേരി 3529, എലത്തൂർ 5904, കോഴിക്കോട്‌ നോർത്ത്‌ 5192, കോഴിക്കോട്‌ സൗത്ത്‌ 4859, ബേപ്പൂർ 7844, കുന്നമംഗലം 6005, കൊടുവള്ളി 4875, തിരുവമ്പാടി 3862.  നാമനിർദേശം പിൻവലിക്കുന്നതിനോടടുത്ത ദിവസംവരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമുണ്ടാകും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top