26 April Friday

"സ്‌ത്രീധനം ചോദിക്കുന്നവർക്ക്‌ 
പുറത്തേക്കുള്ള വഴി ചൂണ്ടിക്കാട്ടണം’

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022

ദയാപുരം കോളേജ്‌ സംഘടിപ്പിച്ച സംവാദം ഉദ്‌ഘാടനംചെയ്യാനെത്തിയ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം 
ബൃന്ദ കാരാട്ടിനൊപ്പം വിദ്യാർഥിനികൾ സെൽഫിയെടുക്കുന്നു

കോഴിക്കോട്‌
‘സ്‌ത്രീധനം തടയാൻ ഞങ്ങളെന്താണ്‌ ചെയ്യേണ്ടത്‌’?–- കോളേജ്‌ വിദ്യാർഥിനിയുടെ ചോദ്യം. ‘വിവാഹാലോചനയുമായി വരുന്നവർ സ്‌ത്രീധനം ചോദിച്ചാൽ വീടിന്റെ പുറത്തേക്കുള്ള വഴി ചൂണ്ടിക്കാട്ടണം, അതുവഴി പോകാൻ പറയണം’–- സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ മറുപടിക്ക്‌ നിറഞ്ഞ കൈയടി. ദയാപുരം കോളേജ്‌  സംഘടിപ്പിച്ച ‘സ്ത്രീകൾ, ഇന്ത്യ എന്ന ആശയം, നാളെയുടെ രാഷ്ട്രീയം' എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.  
മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ സ്ത്രീകളുടെ സ്വാതന്ത്ര്യം തടയുന്നത്‌ ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിക്ക്‌ എതിരാണ്‌. ദിവസേന 86 സ്‌ത്രീകളാണ്‌ ഇന്ത്യയിൽ ബലാത്സംഗത്തിനിരയാകുന്നത്‌.  18 സ്‌ത്രീകൾ കൊല്ലപ്പെടുന്നു. ഓരോ മിനിറ്റിലും സ്‌ത്രീകൾക്കെതിരായ 47 കുറ്റകൃത്യങ്ങൾ നടക്കുന്നു. ഇതിൽ ഭൂരിഭാഗവും ദളിത്‌, ആദിവാസി വിഭാഗങ്ങൾക്കെതിരാണ്‌. സ്‌ത്രീസുരക്ഷയെന്ന ഭരണഘടനാ ബാധ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്‌ സാധിക്കുന്നില്ല.  
ഹിജാബ്‌ ധരിക്കണമെന്നും ധരിക്കരുതെന്നും വിലക്കുന്നത്‌ ജനാധിപത്യവിരുദ്ധമാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‌ എതിരാണത്‌. മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ അത്‌ ന്യായീകരിക്കാനാവില്ല.  ജനങ്ങളെ വിഭജിക്കാനുള്ള രാഷ്‌ട്രീയത്തിന്‌ മതനിരപേക്ഷതയാണ്‌ മറുപടി.  രാജ്യത്ത്‌ വളർന്നുവരുന്ന ജനാധിപത്യ, പുരോഗമന മുന്നേറ്റങ്ങൾക്കുമുന്നിൽ സ്‌ത്രീകൾ ഒന്നിച്ച്‌ അണിനിരക്കണം. 
 നിങ്ങൾ എങ്ങനെയാണ്‌ രാഷ്‌ട്രീയത്തിൽ എത്തിപ്പെട്ടത്‌ എന്ന ചോദ്യത്തിനും അവർ മനസ്സുതുറന്നു. ‘‘ലണ്ടനിൽ ജോലിചെയ്യുമ്പോഴാണ്‌  വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച്‌ കേട്ടത്‌. വിയറ്റ്‌നാം പോലുള്ള കൊച്ചുരാഷ്‌ട്രം അമേരിക്കയെ വിറപ്പിക്കുന്നതിനു പിന്നിലെ രാഷ്‌ട്രീയം മനസ്സിലാക്കി. അത്‌ കമ്യൂണിസ്റ്റ്‌ പാർടിയിൽ എത്തിച്ചു. 22–-ാം വയസ്സിലെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന്‌ കാലം തെളിയിച്ചു’’–- ആദ്യമായാണ്‌ പൊതുവേദിയിൽ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ബൃന്ദ പറഞ്ഞു.  മാധ്യമപ്രവർത്തക കെ കെ ഷാഹിന മോഡറേറ്ററായി. വിദ്യാഭ്യാസപ്രവർത്തക ജ്യോതി രാധിക വിജയകുമാർ, ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top