25 April Thursday

കയറ്റുമതിയില്ല; കർഷകർ പ്രതിസന്ധിയിൽ നാളികേരം പിന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
കോഴിക്കോട്‌
നാളികേരം വാങ്ങാൻ ഇതരസംസ്ഥാനത്തു നിന്ന്‌ ആളെത്താത്തതിനാൽ വിലകിട്ടാതെ കേര കർഷകർ പ്രതിസന്ധിയിൽ.  തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടർന്ന്‌ നാളികേര സംസ്കരണ കേന്ദ്രങ്ങളെല്ലാം അടച്ചതോടെയാണ്‌ കേരളത്തിൽ നിന്നുള്ള നാളികേരം ഏറ്റെടുക്കുന്നത്‌ നിർത്തിയത്‌. ഇതോടെ നാളികേര സംഭരണ കേന്ദ്രങ്ങളുടെ പ്രവർത്തനവും താറുമാറായി. 31 രൂപയാണിപ്പോൾ ഒരുകിലോ നാളികേരത്തിന്‌ പൊതുവിപണിയിൽ ലഭിക്കുന്നത്‌. കഴിഞ്ഞ സീസണിൽ 42 രൂപയായിരുന്നു. തെങ്ങുകളുടെ കൂമ്പുചീയൽ, മണ്ഡരി, നീരൊലിപ്പ്‌ ബാധകൾക്കു പിന്നാലെയുള്ള വിലയിടിവ്‌ ഈ മേഖലയിൽ നിന്ന്‌ കർഷകരെ പിറകോട്ടടിപ്പിക്കുകയാണ്‌.  
വിട്ടുമാറാത്ത മഴയായതോടെ തേങ്ങ കൊപ്രയാക്കുന്ന ജോലികളിൽനിന്ന്‌ വിട്ടുനിൽക്കുകയാണ്‌ കർഷകർ. പുകപ്പുരകളുടെയും  ഡ്രയറുകളുടെയും  ചെലവ്‌ താങ്ങാനാവാത്തതിനാൽ പൊളിച്ച നാളികേരം തൂക്കിക്കൊടുക്കുന്ന പ്രവണതയിലാണ്‌ ഭൂരിപക്ഷം കർഷകരും. കേരളത്തെ അപേക്ഷിച്ച്‌ നാളികേര സംസ്കരണത്തിന്‌ തമിഴ്‌നാട്ടിൽ  ചെലവ്‌ കുറവായതിനാലാണ്‌  ഇവിടെനിന്ന്‌ കയറ്റിക്കൊണ്ടുപോകുന്നത്‌. ഇതോടെ കൊപ്രയും തമിഴ്‌നാട്ടിൽ നിന്ന്‌ ഇറക്കുമതിചെയ്യുന്ന രീതി പ്രചാരത്തിലായി.  
കൂലിച്ചെലവ്‌ കഴിഞ്ഞാലും തരക്കേടില്ലാത്ത വില ലഭിച്ചിരുന്ന അവസ്ഥയിൽനിന്നാണ്‌  നാളികേരം വാങ്ങാനാളില്ലാത്ത സ്ഥിതിയിലേക്ക്‌ കാര്യങ്ങളെത്തിയത്‌. കേരളത്തിലെ ചെറിയ കടകളിൽനിന്ന്‌ വാങ്ങുന്ന നാളികേരം തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ചാണ്‌ സംസ്‌കരിച്ച്‌ എണ്ണയാക്കുന്നത്‌. 
ഈ പ്രവർത്തനം മഴയെ തുടർന്ന്‌   താറുമാറായതോടെയാണ്‌ സംസ്ഥാനത്ത്‌ നിന്നുള്ള കയറ്റുമതി നിലച്ചത്‌.   രാസവള ക്ഷാമവും കനത്ത മഴയും കൃഷിപ്പണികളിൽനിന്ന്‌ കർഷകരെ മാറ്റിനിർത്തുകയാണ്‌.
മഴ വിട്ടൊഴിയാത്തതിനാൽ തേങ്ങ മൂപ്പെത്താൻ കൂടുതൽ സമയമെടുക്കുന്നതും കർഷകരുടെ  പ്രതിസന്ധി വർധിപ്പിക്കുന്നു. ശരാശരി ഒരു കിലോയ്ക്ക് രണ്ടു-രണ്ടര നാളികേരം വേണം. ഇപ്പോഴത്തെ നിലവാരമനുസരിച്ച്‌ 11,13 രൂപ മാത്രമാണ്‌  ലഭിക്കുക.  കോവിഡിനെ തുടർന്നും മഴയായതിനാലും ഇളനീർ കച്ചവടം കുറഞ്ഞതിനാൽ തമിഴ്‌നാട്ടിലും നാളികേര ഉൽപ്പാദനം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top