29 March Friday

കുട്ടികളെ വളർത്തുന്നത്‌ സമഭാവന ഇല്ലാതെ: പി സതീദേവി

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

വനിതാ കമീഷനും കോഴിക്കോട് കോർപറേഷനും സംയുക്തമായി നടത്തിയ ജാഗ്രതാ സമിതി പരിശീലനം വനിതാ കമീഷൻ ചെയർ പേഴ്‌സൺ 
പി സതീദേവി ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
സമഭാവനയോടെ കുട്ടികളെ വളർത്തുന്ന രീതി കുടുംബങ്ങളിൽ ഇനിയും രൂപപ്പെട്ടിട്ടില്ലെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.  സ്‌ത്രീകൾക്കെതിരായ അക്രമനിർമാർജന അന്താരാഷ്‌ട്ര ദിനാചരണത്തിന്റെ ഭാഗമായുള്ള   ജാഗ്രതാ സമിതി പരിശീലനം  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. 
   സാംസ്കാരികമായി മുന്നില്ലെന്ന്‌ പറയുന്ന കേരളത്തിലും സ്‌ത്രീകൾക്ക്‌ ആത്മവിശ്വാസത്തോടെ വളർന്നുവരാനുള്ള സാഹചര്യമില്ല. രണ്ടാം തരം പൗരയായാണ്‌ അവരെ  കാണുന്നത്‌.  അടുത്തിടെ ഒരു അമ്മ ചാനലിൽ വന്ന്‌ മൂന്നു വയസ്സായ മകളെ മറ്റൊരാളുടെ അടുക്കളയിലേക്ക്‌ പറഞ്ഞയക്കേണ്ടതിനാൽ വീട്ടുജോലികൾ പഠിപ്പിക്കുന്നതായി പറഞ്ഞു.  പെൺകുട്ടികളെ അടുക്കളക്കാരികളാക്കുന്ന രീതിയിലല്ല വളർത്തേണ്ടത്‌. ലിംഗഭേദമില്ലാതെ അവകാശങ്ങളിലും അവസരങ്ങളിലും  തുല്യ പ്രാധാന്യം നൽകി സമഭാവന പുലർത്തുന്ന രീതി കുടുംബങ്ങളിൽ വരണം.  
  വാർഡ്‌തലത്തിൽ രൂപീകൃതമായ ജാഗ്രതാ സമിതികൾ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കും മുന്നേറ്റത്തിനുമായി കൂടുതൽ സജീവമാകണം. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി കാലാവധി കഴിഞ്ഞാൽ സമിതി പ്രവർത്തനവും നിലയ്‌ക്കുന്ന അവസ്ഥ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു.  
    വനിതാ കമീഷനും കോഴിക്കോട്‌ കോർപറേഷനും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.   മേയർ ഡോ. ബീന ഫിലിപ്പ്‌ അധ്യക്ഷയായി. വനിതാ കമീഷനംഗം അഡ്വ. എം എസ്‌ താര, കോർപറേഷൻ സമിതി അധ്യക്ഷരായ ഡോ. എസ്‌ ജയശ്രീ, പി ദിവാകരൻ,  ഒ പി ഷിജിന, കൃഷ്‌ണകുമാരി, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി സി കവിത എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ സ്വാഗതവും ശ്രീകാന്ത്‌ ഗിരിനാഥ്‌ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top