19 April Friday

കോഴിക്കോട്ടെ ഐടി കമ്പനിയില്‍ മാള്‍ട്ടയുടെ നിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
കോഴിക്കോട് 
നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാ സംവിധാനം വികസിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ ഐടി സ്റ്റാർട്ടപ്പ് ഇന്റ്പർപ്പിളിൽ യൂറോപ്യൻ രാജ്യമായ മാൾട്ടയുടെ നിക്ഷേപം. മാൾട്ട സർക്കാരിന്‌ കീഴിലെ സാമ്പത്തിക വികസന ഏജൻസിയായ മാൾട്ട എന്റർപ്രൈസ് ആണ് ഇന്റ്പർപ്പിളിന് ഗ്രാന്റ് അനുവദിച്ചത്. തുക വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം മാൾട്ടയിലെ ഗോസോ ഇന്നൊവേഷൻ ഹബിൽ ഓഫീസ് തുറക്കാനും ഇന്റ്പർപ്പിളിന് അവസരമുണ്ട്. മാൾട്ട സർക്കാർ നൽകുന്ന ഫണ്ട് ഗവേഷണത്തിനും ഉപകരണങ്ങൾ വാങ്ങാനും ജീവനക്കാർക്ക് വേതനം നൽകാനും ഉപയോഗിക്കുമെന്ന് ഇന്റ്പർപ്പിൾ സ്ഥാപകനും സിഇഒയുമായ ശാഹിർ കുങ്ങഞ്ചേരി പറഞ്ഞു. 
ഹെൽത്ത് കെയർ രംഗത്ത് നിർമിതബുദ്ധി സാങ്കേതികവിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഇന്റ്പർപ്പിൾ വികസിപ്പിച്ച ഫെലിക്സാകെയർ എന്ന ചികിത്സാ സഹായ സോഫ്റ്റ്‌വെയറിനാണ് മാൾട്ട സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. അവിടുത്തെ സർക്കാർ ആശുപത്രിയിൽ ഈ  ഫെലിക്സാകെയർ പരീക്ഷിക്കും. 
സ്ഥിര രോഗികളുടെ തുടർ ചികിത്സയ്ക്കും വീട്ടിൽ തന്നെ ചികിത്സിക്കാനും നിരന്തരം നിരീക്ഷിക്കാനും സൗകര്യമൊരുക്കുന്ന നിർമിതബുദ്ധി സാങ്കേതികവിദ്യയാണ് ഫെലിക്സാകെയർ. ഇതുപയോഗിച്ച് ഡോക്ടർമാക്ക് വേഗത്തിൽ അനുയോജ്യമായ തീരുമാനമെടുക്കാനും രോഗികൾക്ക് വരുന്ന അനാവശ്യ ചെലവുകൾ   കുറക്കാനും സാധിക്കും–ശാഹിർ പറഞ്ഞു.   
 ഐടി കമ്പനിയായ ഐബിഎമ്മിൽ ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് കോവിഡ് കാലത്താണ് ശാഹിറും സുഹൃത്തുക്കളായ ഫസൽ അമ്പലങ്ങാടൻ, ഹാറൂൻ ഇളയിടത്ത് എന്നിവരും ചേർന്ന് കോഴിക്കോട് മുക്കം എൻഐടിക്കു സമീപം ഇന്റ്പർപ്പിൾ സ്ഥാപിച്ചത്. 2020 ഫെബ്രുവരിയിലായിരുന്നു തുടക്കം. 12 ജീവനക്കാരുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top