ഒളവണ്ണ
പഞ്ചായത്തിലെ രണ്ടാം വാർഡ് പാലാഴിയിൽ മഞ്ഞപ്പിത്തം പടരുന്നതായി ആരോഗ്യ വിഭാഗം കണ്ടെത്തി. പാലാഴി പാലക്കുസമീപം പൊന്നങ്കോട് കുന്ന്, വടക്കയിൽ, കളത്തുംതൊടി ഭാഗങ്ങളിൽ ഒരു മാസത്തോളമായി മഞ്ഞപ്പിത്തരോഗ ബാധിതർ വർധിക്കാൻ തുടങ്ങിയിട്ട്. ഇതിനോടകം ഇരുപതോളംപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ജനറൽ ആശുപത്രിയിലും ചികിത്സതേടി. ഇപ്പോഴും നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് രണ്ടുപേരാണ് ചികിത്സ തേടിയത്. ജില്ലയിൽ നിപാ റിപ്പോർട്ട്ചെയ്ത സാഹചര്യത്തിൽ പലരും വീടുകളിൽ തന്നെ ചികിത്സയിലായിരുന്നു.
പ്രദേശത്തെ കുടിവെള്ള വിതരണ പദ്ധതിയുടെ കിണറിലെ വെള്ളവും സമീപത്തെ കുളത്തിലെ വെള്ളവും പരിശോധിച്ചതിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ആരോഗ്യ പ്രവർത്തകർ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻചെയ്തു. വാർഡിലെ വീടുകൾ കയറി ബോധവൽക്കരണം നടത്തി വരികയാണ്. ജലജീവൻ കുടിവെള്ളം ദിവസങ്ങളോളം തടസ്സപ്പെടുന്നതിനാൽ നൂറിലേറെ കുടുംബങ്ങൾ ഇപ്പോഴും പ്രദേശത്തെ കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്.
ബോധവൽക്കരണ ക്ലാസ്
പാലാഴിയിൽ ഇരുപതോളംപേർക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും പ്രദേശത്തെ പൊന്നങ്കോട് കുന്ന്, വടക്കയിൽ കളത്തുംതൊടി എന്നിവിടങ്ങളിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തുകയുംചെയ്‌ത സാഹചര്യത്തിൽ തിങ്കൾ പകൽ രണ്ടിന് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നൂറോളം പേർ പങ്കെടുത്ത യോഗത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒളവണ്ണ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗിരിഷ് ക്ലാസെടുത്തു. മഞ്ഞപ്പിത്തം പടരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികളിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സതേടണമെന്നും ജെഎച്ച്ഐ ഓർമപ്പെടുത്തി. വാർഡ് മെമ്പർ പി രാധാകൃഷ്ണൻ അധ്യക്ഷനായി. ആശാ വർക്കർ ഗീത, സി മുരളി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..