04 December Monday

‘ചിമ്മാനം’ - നാടകവുമായി
പൂക്കാട് കലാലയം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

പൂക്കാട് കലാലയത്തിലെ ചിമ്മാനം നാടകത്തിന്റെ റിഹേഴ്സലിൽനിന്ന്

സ്വന്തം ലേഖകൻ
കൊയിലാണ്ടി 
ഉത്തര കേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് കളിച്ചിരുന്ന ‘ചിമ്മാനക്കളി’ പുതിയ രൂപത്തിലും ഭാവത്തിലും പൂക്കാട് കലാലയത്തിൽ നാടകമായി വരുന്നു. നാടക പ്രവര്‍ത്തകന്‍ സുരേഷ് ബാബു ശ്രീസ്ഥയുടെ രചനയിൽ മനോജ് നാരായണൻ സംവിധാനം ചെയ്യുന്ന നാടകത്തിന്റെ അവസാനഘട്ട പരിശീലനമാണ് നടക്കുന്നത്. കേരള സംഗീത നാടക അക്കാദമി കലാലയം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 4 മുതൽ 7വരെ നടക്കുന്ന നാടകോത്സവത്തിലെ ആദ്യ നാടകമാണ് ചിമ്മാനം. 

അരികുവൽക്കരിക്കപ്പെട്ടവരുടെ നൊമ്പരങ്ങളും രോഷങ്ങളും പ്രമേയമാകുന്നതാണ് ചിമ്മാനിക്കളി. അതിന് രംഗഭാഷ്യമൊരുക്കുന്ന നാടകമാണ് ചിമ്മാനം.  കൊടും തണുപ്പിലും കടുത്ത ദുരിതങ്ങൾക്കിടയിലും കാടിനും മണ്ണിനും വിളനിലത്തിനും കാവൽ നിൽക്കാൻ വിധിക്കപ്പെട്ടവരുടെയും ചരിത്രമാണ് നാടകമാകുന്നത്. 
ചിമ്മാനിക്കളി, എരുതുകളി, പുനം പാട്ട്, മാരിപ്പാട്ട്, അലാമിക്കളി തുടങ്ങിയ വടക്കൻ കേരളത്തിന്റെ നാടൻ കലാരൂപങ്ങളുടെ ചുവടഴകുകൂടിയുണ്ട് നാടകത്തിന്.  കലാലയം ചിൽഡ്രൻസ് തിയറ്ററിലൂടെ വളർന്നുവന്ന യുവ കലാകാരന്മാരാണ് പ്രധാന വേഷത്തിലെത്തുന്നത്. അശ്വിൻ, ജാസിർ, ശിവകാമി, ശ്രീലക്ഷ്മി, സജിത, ശരത് പാച്ചു, വിഷ്ണു, അദ്വൈത് എന്നിവരാണ് തട്ടില്‍. അനിൽ തച്ചണ്ണ, കാശി പൂക്കാട്, എ കെ രമേശ്, സത്യജിത്ത്, യു കെ രാഘവൻ, ഹരിദാസ് തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിക്കുന്നു. നാടകോത്സവം  കാനത്തിൽ ജമീല എംഎൽഎ  ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top