08 December Friday
കലാപക്കൊടിയുമായി എ ഗ്രൂപ്പ്‌

മണ്ഡലം പുനഃസംഘടന 
വീണ്ടും വഴിമുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
 
സ്വന്തം ലേഖകൻ
കോഴിക്കോട്‌
എ ഗ്രൂപ്പ്‌ കലാപക്കൊടി ഉയർത്തിയതോടെ ജില്ലയിലെ കോൺഗ്രസ്‌ മണ്ഡലം പുനഃസംഘടന വഴിമുട്ടി. ബ്ലോക്ക്‌ പുനഃസംഘടിപ്പിച്ചപ്പോഴുണ്ടായ തിരിച്ചടി മണ്ഡലം പുനഃസംഘടനയിൽ ആവർത്തിക്കാതിരിക്കാനുള്ള കരുതലിലാണ്‌  എ ഗ്രൂപ്പ്‌. കെപിസിസിക്ക്‌ നൽകിയ പരാതിയിൽ തീരുമാനമാകുംവരെ പുനഃസംഘടന നടത്തരുതെന്നാണ്‌ ആവശ്യം. 
ജില്ലയിൽ 52 ഇടങ്ങളിൽ മാത്രമാണ്‌  മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചത്‌. ബാക്കി 53  പ്രസിഡന്റുമാരെ കണ്ടെത്തണം. ഇതിനുമുന്നോടിയായി നടന്ന ചർച്ചകളിൽ എ ഗ്രൂപ്പിന്റെ മുതിർന്ന നേതാവ്‌ കെ സി അബു നേതൃത്വത്തിനെതിരെ രംഗത്തുവന്നതോടെയാണ്‌ ചർച്ച വഴിമുട്ടിയത്‌. ഞായർ നടത്താനിരുന്ന ചർച്ച 28ലേക്ക്‌ മാറ്റി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ്‌ എ ഗ്രൂപ്പ്‌ തീരുമാനം. 
മണ്ഡലം പുനഃസംഘടനയിൽ പൂർണമായും തഴഞ്ഞതാണ്‌ എ വിഭാഗത്തെ ചൊടിപ്പിച്ചത്‌.  നേരത്തെ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനം പങ്കുവച്ചപ്പോഴും എ ഗ്രൂപ്പിന്‌ വലിയ നഷ്ടം സംഭവിച്ചിരുന്നു. പരമ്പരാഗതമായി കൈവശംവച്ചിരുന്ന ബ്ലോക്ക്‌ കമ്മിറ്റികൾ നഷ്ടമായി. മണ്ഡലം പ്രസിഡന്റ്‌ സ്ഥാനങ്ങളിലും സമാനമായ വെട്ടിനിരത്തൽ ഉണ്ടായതോടെയാണ്‌ എ ഗ്രൂപ്പ്‌  രംഗത്തിറങ്ങിയത്‌.  ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ കെ സി വേണുഗോപാൽ, വി ഡി സതീശൻ പക്ഷം ജില്ലയിൽ പിടിമുറുക്കുകയാണ്‌. എ ഗ്രൂപ്പുകാരനായിരുന്ന ടി സിദ്ദിഖും കൂറുമാറി ഇവർക്കൊപ്പമാണ്‌. ഇവർ മാത്രം സ്ഥാനമാനങ്ങൾ വീതംവയ്‌ക്കുകയാണെന്നാണ്‌ എ ഗ്രൂപ്പിന്റെ പരാതി. ഐ ഗ്രൂപ്പും കടുത്ത അമർഷത്തിലാണ്‌. 
വടകര ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ എ വിഭാഗത്തെ പൂർണമായി തഴഞ്ഞു.  നാദാപുരത്താണ്‌  കൂടുതൽ സ്ഥാനം നഷ്ടമായത്‌.  എ ഗ്രൂപ്പിന്‌ 10 ഇടത്ത്‌ പ്രസിഡന്റ്‌ സ്ഥാനമുണ്ടായത്‌ രണ്ടെണ്ണമായി ചുരുങ്ങി. കുറ്റ്യാടി, വടകര നിയമസഭാ  മണ്ഡലങ്ങളിലും എ ഗ്രൂപ്പിനെ വെട്ടി.  പ്രായപരിധി മാനദണ്ഡങ്ങളിൽ മറ്റുള്ളവർക്ക്‌ ഇളവ്‌ നൽകിയപ്പോൾ എ ഗ്രൂപ്പുകാരെ മാനദണ്ഡത്തിന്റെ പേരിൽ ഒഴിവാക്കാൻ ശ്രമം നടക്കുന്നതായാണ്‌ പരാതി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top