സ്വന്തം ലേഖകൻ
കോഴിക്കോട്
വയോജനങ്ങളെ ചേർത്തുപിടിച്ച കരുതലിന് ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം. സാമൂഹ്യ നീതി വകുപ്പിന്റെ വയോ സേവന പുരസ്കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരമാണ് കോഴിക്കോടിനെ തേടിയെത്തിയത്. സംസ്ഥാനത്ത് ആദ്യമായി ജില്ലയുടെ സമഗ്ര വയോജന നയം പ്രഖ്യാപിച്ചും പുറക്കാട്ടിരി ആയുർവേദ ആശുപത്രിയിൽ ജെറിയാട്രിക് വാർഡ് യാഥാർഥ്യമാക്കിയും എണ്ണമറ്റ പ്രവർത്തനങ്ങളാണ് ജില്ലാപഞ്ചായത്ത് നടപ്പാക്കിയത്.
സമഗ്ര വയോജന നയത്തിന്റെ ഭാഗമായി പ്രായമായവരുടെ ഹാപ്പിനെസ് ഇൻഡെക്സ് ഉയർത്താൻ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നത്. വാർഷിക പദ്ധതിയിൽ വികസന ഫണ്ടിന്റെ അഞ്ച് ശതമാനം മുതിർന്ന പൗരന്മാർക്കായി മാറ്റിവച്ചു. വയോമിത്രം പദ്ധതി എല്ലാ ബ്ലോക്കുകളിലും വ്യാപിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്. ജില്ലാ ആയുർവേദ ആശുപത്രിയിൽ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് ആയുർവേദ ചികിത്സാ പദ്ധതിയൊരുക്കി. ഫിസിയോതെറാപ്പി, യോഗാ, കൗൺസലിങ്, മരുന്ന്, ഭക്ഷണം എന്നിവ സൗജന്യമായി നൽകുന്നു.
നിരാലംബരായ മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും പ്രത്യേക ശ്രമം നടത്തി. മാനസിക വെല്ലുവിളി നേരിടുന്നവർക്കായി ‘ശ്രദ്ധാ ഭവൻ’ എന്ന പേരിൽ പുനരധിവാസകേന്ദ്ര നിർമാണത്തിന് തുടക്കം കുറിച്ചു. പകൽ വീടുകൾ സായംപ്രഭാ ഹോമുകളാക്കി മാറ്റുന്നതിന് പഞ്ചായത്തുകളുമായി ചേർന്ന് പദ്ധതി ഏറ്റെടുത്തു. വയോക്ലബ്ബുകളിൽ കെയർടേക്കർമാരെ നിയമിക്കാനുള്ള പദ്ധതികൾ ഏറ്റെടുത്തു.
കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, ബാലുശേരി, ചേമഞ്ചേരി, കക്കോടി, പെരുമണ്ണ, കോട്ടൂർ, തിരുവള്ളൂർ പഞ്ചായത്തുകളിൽ സായംപ്രഭ ഹോമുകൾ ഒരുക്കി. ചക്കിട്ടപാറ, എടച്ചേരി, ബാലുശേരി, വാണിമേൽ, മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളിലായി വയോജന പാർക്കുകളും നിർമിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..