20 April Saturday

പ്രശാന്തി ഗാര്‍ഡന്‍ ഒരുങ്ങുന്നു ആദ്യ ഭുഗർഭ ശ്മശാനം

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022

പ്രവൃത്തി പൂർത്തിയാവുന്ന ഉള്ളിയേരി പ്രശാന്തി ഗാർഡൻ മോഡൽ ശ്‌മശാനം

കോഴിക്കോട്‌
ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്‌മശാനം ഉള്ള്യേരിയിൽ ഒരുങ്ങുന്നു. പൊതുശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന ‘പ്രശാന്തി ഗാർഡൻ’ ശ്മശാനത്തിന്റെ അവസാനഘട്ട പ്രവൃത്തികളാണ്‌ പുരോഗമിക്കുന്നത്‌.  ഉള്ള്യേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നിൽ 2.6 ഏക്കർ സ്ഥലത്താണ് പ്രശാന്തി ഗാർഡൻ നിർമിക്കുന്നത്.  അടുത്തമാസത്തിനകം  മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കാനാണ് ലക്ഷ്യം. പ്രവൃത്തി അവലോകനംചെയ്യാൻ കെ എം സച്ചിൻ ദേവ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഫർണസ്‌, ചിമ്മിനി എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പൂർത്തിയാക്കാനുള്ളത്. വൈദ്യുതി, വെള്ളം, ലാൻഡ്സ്‌കേപ്പിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തിയും ഈ  സമയത്തിനുള്ളിൽ പൂർത്തിയാക്കും. മറ്റ് ശ്മശാനങ്ങളിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് പ്രശാന്തി ഗാർഡൻ മോഡൽ ശ്മശാനം.
മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 3.9 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ശ്മശാനത്തിന്‌ ഒട്ടേറെ പ്രത്യേകതകളുണ്ട്‌.  സ്മൃതിവനങ്ങൾ, പൊതുദർശനത്തിന് വയ്‌ക്കാനുള്ള സൗകര്യം, ഉദ്യാനങ്ങൾ, കാരക്കുന്ന് മലയിൽനിന്നുള്ള പ്രകൃതിമനോഹര കാഴ്ചകൾ എന്നിവയാണ് ശ്മശാനത്തെ വ്യത്യസ്തമാക്കുന്നത്. 
ഉദ്യാനം, ഇടവഴികൾ, വായനമുറികൾ, വിശ്രമ ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാവും. പ്രകൃതിയുടെ തനത് ഘടന മാറ്റാതെ ഭൂമിക്കടിയിലായാണ് ഇത് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ ബാലുശേരി മണ്ഡലത്തിലെ കായണ്ണ, കൂരാച്ചുണ്ട്‌, കോട്ടൂർ, പനങ്ങാട്‌, ബാലുശേരി, ഉള്ള്യേരി, നടുവണ്ണൂർ, അത്തോളി, ഉണ്ണികുളം പഞ്ചായത്തുകൾക്കും  ഉപകരിക്കും.
ഉള്ള്യേരി സംസ്ഥാനപാതയിൽ പാലോറയിൽനിന്ന്  700 മീറ്റർ സഞ്ചരിച്ചാൽ ഈ ശ്മശാനത്തിൽ എത്താം. ഒരേസമയം രണ്ട്‌ മൃതദേഹം ദഹിപ്പിക്കാനുള്ള ഗ്യാസ് ക്രിമറ്റോറിയമാണ് ഒരുക്കുന്നത്. മരണാനന്തരച്ചടങ്ങുകൾ നടത്താനുള്ള വിവിധ സൗകര്യങ്ങളുമുണ്ടാവും. കുളിക്കാനും  കർമങ്ങൾ ചെയ്യാനും  ഭസ്മം ശേഖരിക്കാനും  സൗകര്യമുണ്ടാവും.  കോവിഡ്‌മൂലം  പ്രവൃത്തി  പൂർത്തിയാക്കുന്നതിൽ കാലതാമാസമുണ്ടായി.  ആവശ്യമായി വന്നാൽ ഇലക്ട്രിക്കൽ ക്രിമിറ്റോറിയവും സജ്ജീകരിക്കാനാവും. 2018 ഡിസംബർ 27ന്‌  മന്ത്രി എ സി മൊയ്‌തീനാണ്‌ ശ്‌മശാനത്തിന്‌ തറക്കല്ലിട്ടത്‌.  യുഎൽസിസിഎസിനാണ് നിർമാണച്ചുമതല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top