27 April Saturday

ആരോഗ്യം ഉറപ്പാക്കാൻ 
24 ആയുഷ്‌ വെൽനസ്‌ കേന്ദ്രം

സ്വന്തം ലേഖികUpdated: Monday Sep 26, 2022

കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന വെൽനസ്‌ കേന്ദ്രം

കോഴിക്കോട്‌
ആയുർവേദത്തിലൂടെയും ഹോമിയോയിലൂടെയും  ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ 24  ആയുഷ്‌ ഹെൽത്ത്‌ വെൽനസ്‌ സെന്ററുകൾകൂടി (എച്ച്‌ഡബ്ല്യുസി) ജില്ലയിൽ വരുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കീഴിൽ ആരംഭിക്കുന്ന കേന്ദ്രങ്ങൾക്കായുള്ള പദ്ധതി ശുപാർശ  ജില്ലാ മിഷൻ കേന്ദ്ര  ആയുഷ്‌ മന്ത്രാലയത്തിന്‌ സമർപ്പിച്ചു. ഒരുമാസത്തിനുള്ളിൽ അംഗീകാരം നേടി പ്രവർത്തനം ആരംഭിക്കും. നിലവിൽ 16 എച്ച്‌ഡബ്ല്യുസികളാണ്‌ ജില്ലയിൽ പ്രവർത്തിക്കുന്നത്‌. 
ആയുർവേദ–-ഹോമിയോ ചികിത്സയിലൂടെ ഗർഭിണികളുടെ ആരോഗ്യ പരിപാലനം, കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യം, വയോജനങ്ങളുടെ പരിപാലനം എന്നിവയാണ്‌ ലക്ഷ്യമിടുന്നത്‌. ആശാ വർക്കർമാരുടെ സഹകരണത്തിൽ ഈ വിഭാഗങ്ങളിലുള്ള ജനങ്ങളിൽ വെൽനസ്‌ സെന്ററുകളുടെ സേവനം ലഭ്യമാക്കും. വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ആയുർവേദ–-ഹോമിയോ ക്ലിനിക്കുകളാണ്‌ പുതിയ സേവന–-സൗകര്യങ്ങളോടെ വെൽനസ്‌ കേന്ദ്രങ്ങളായി മാറുക. ഇവിടങ്ങളിൽ യോഗാ കേന്ദ്രങ്ങളും പരിശീലകരും ഉണ്ടാകും.  കൗൺസലിങ്‌, ഫിസിയോ തെറാപ്പി സൗകര്യങ്ങളും ലഭ്യമാക്കും. 
ഓരോ കേന്ദ്രത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്‌ അഞ്ച്‌ ലക്ഷം രൂപയാണ്‌ ലഭിക്കുക. ഒരു കേന്ദ്രത്തിന്‌ കീഴിൽ അഞ്ച്‌ ആശാവർക്കർമാർ പ്രവർത്തിക്കും. ഇവർ പ്രദേശത്തെ ജനങ്ങൾക്കിടയിൽ നിന്നുള്ള വിവരങ്ങൾ എടുക്കുന്നതിനൊപ്പം ആയുർവേദ –-ഹോമിയോ ചികിത്സാ സേവനങ്ങളെക്കുറിച്ച്‌ അറിയി‌ക്കുകയുംചെയ്യും. കേന്ദ്രങ്ങളിലെ ഒപിയിൽ എത്തി  സൗജന്യമായി ചികിത്സയും തേടാം. 
നിലവിൽ ബേപ്പൂർ, കട്ടിപ്പാറ, ഫറോക്ക്‌, ചെറുവണ്ണൂർ, തൂണേരി, നന്മണ്ട, എടച്ചേരി തുടങ്ങിയ 16 കേന്ദ്രങ്ങളിലാണ്‌ ഈ സൗകര്യമുള്ളത്‌. 2024 ഓടെ ജില്ലയിൽ അറുപതോളം‌ എച്ച്‌ഡബ്ല്യുസികൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളാണ്‌ ആവിഷ്‌കരിക്കുന്നതെന്ന്‌ ജില്ലാ പ്രോജക്ട്‌ മാനേജർ ഡോ. അനീന ത്യാഗരാജൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top