24 April Wednesday

പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നു തീർഥാടന ടൂറിസം ഭൂപടത്തിലേക്ക്‌ ലോകനാർകാവ്

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022

ലോകനാർകാവ് ടൂറിസം പദ്ധതി രൂപരേഖ

 

വടകരK

കടത്തനാടിന്റെ  പെരുമയിൽ നൂറ്റാണ്ടുകളുടെ പൈതൃകമുള്ള ലോകനാർകാവ് ക്ഷേത്രം, ഇനി തീർഥാടന ടൂറിസത്തിൽ കോഴിക്കോടിന്റെ കൈയൊപ്പ്‌ ചാർത്തും. ‘പിൽഗ്രിം ടൂറിസം ഡെവലപ്മെന്റ്‌ പ്രോജക്ട് അറ്റ് ലോകനാർകാവ് ടെമ്പിൾ' പദ്ധതി ദ്രുതഗതിയിൽ നടപ്പാക്കാൻ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. പദ്ധതി യാഥാർഥ്യമാവുന്നതോടെ സർഗാലയയും സാൻഡ്‌‌  ബാങ്ക്സും ലോകനാർകാവും പയംകുറ്റിമലയും ഉൾപ്പെട്ട ടൂറിസം കോറിഡോറും യാഥാർഥ്യമാവും. 
കിഫ്ബിയും സംസ്ഥാന സർക്കാരും ചേർന്നാണ്‌ സൗകര്യങ്ങൾ ഒരുക്കുന്നത്‌. ശുചിമുറിയോടുകൂടിയ 14 അതിഥി മുറികൾ, 11 കിടക്കകളുള്ള ഡോർമിറ്ററി, പൈതൃക കളരി എന്നിവ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ നിർമിക്കും. നാലരക്കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. പുതുക്കിയ ഭരണാനുമതി ലഭിച്ച പദ്ധതി ഒരുവർഷത്തിനകം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഊരാളുങ്കൽ സൊസൈറ്റി.  കിഫ്ബിയുടെ  3.74 കോടി രൂപയുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. തന്ത്രി മഠം നിർമാണം, ഊട്ടുപുര നിർമാണം, വിഷ്ണുക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗത്ത് കല്ല് പതിക്കൽ, വലിയ ചിറയുടെ സംരക്ഷണഭിത്തി നിർമാണം തുടങ്ങിയ പ്രവൃത്തികളാണ് പ്രധാനമായും ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. 2023 മാർച്ചോടെ ഈ പ്രവൃത്തിയും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളം കേന്ദ്രമായ സാജ് കൺസ്ട്രക്‌ഷൻസ് ഗ്രൂപ്പാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. യോഗത്തിൽ കെഐഐഡിസി, ഊരാളുങ്കൽ സൊസൈറ്റി, സാജ് കൺസ്ട്രക്‌ഷൻസ് പ്രതിനിധികൾ, ലോകനാർകാവ്  സമഗ്ര വികസന സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top