26 April Friday
ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്

മുഖ്യപ്രതിയുടെ വീട്‌ ഇരകൾ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ഗോൾഡ് പാലസ് എംഡിയും മുഖ്യ പ്രതിയുമായ സമീറിന്റെ വീടും സ്ഥലവും പിടിച്ചെടുക്കൽ സമരം കെ കെ സുരേഷ് ഉദ്ഘാടനംചെയ്യുന്നു

കുറ്റ്യാടി  
ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ നടക്കുന്ന, ഉടമകളുടെ ആസ്തി പിടിച്ചെടുക്കൽ സമരത്തിൽ  ജ്വല്ലറി എംഡിയും ഒന്നാം പ്രതിയുമായ വി പി സമീറിന്റെ  വീടും സ്ഥലവും സമരസഹായ സമിതിക്കാർ ശനിയാഴ്ച കൈവശപ്പെടുത്തി കൊടികെട്ടി അവകാശം സ്ഥാപിച്ചു. നിക്ഷേപ തട്ടിപ്പിനിരയായവർക്ക് അവരുടെ നിക്ഷേപത്തുകയും സ്വർണവും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട്‌  10 മാസത്തോളമായി സമരം നടത്തുന്ന നിക്ഷേപകർ  കഴിഞ്ഞ ആഴ്ചയാണ് ഉടമകളുടെ ആസ്തികൾ പിടിച്ചെടുക്കൽ സമരം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ വടയത്തുള്ള ജ്വല്ലറി ഉടമകളുടെ സ്ഥലത്ത്‌ കൊടി കെട്ടിയിരുന്നു.  അടുത്ത ഘട്ടമെന്ന നിലയിലാണ് മുഖ്യപ്രതിയായ സമീറിന്റെ വീട് കൈവശപ്പെടുത്തിയത്. ഇനി അടുത്ത ആഴ്ച മറ്റു പ്രതികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും കൊടി കെട്ടുമെന്ന് സമരസഹായ സമിതി നേതാക്കൾ പറഞ്ഞു. 
2021 ആഗസ്ത്‌ 26ന് ഗോൾഡ് പാലസ് ജ്വല്ലറിയുടെ കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ  പൂട്ടി കോടികൾ തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങുകയായിരുന്നു.  പ്രശ്നപരിഹാരത്തിന്  സമരസഹായ സമിതി നിരവധി തവണ ശ്രമിച്ചെങ്കിലും വിദേശത്തുള്ള പ്രധാന പാർട്ണർമാർ പ്രശ്നപരിഹാരത്തിന് നിസ്സഹകരണം തുടരുന്നതിനാലാണ്  പുതിയ സമരമാർഗം സ്വീകരിച്ചത്. ആസ്തി പിടിച്ചെടുക്കൽ സമരം സിപിഐ എം കുന്നുമ്മമൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് ഉദ്ഘാഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ശ്രീജേഷ് ഊരത്ത്,  സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, എം കെ ശശി, ടി കെ ബിജു, എൻ സി കുമാരൻ, സി കെ അബു, അബ്ദുറഹ്മാൻ, ഇ മുഹമ്മദ് ബഷീർ, ആക്‌ഷൻ കമ്മിറ്റി നേതാക്കളായ സുബൈർ പി കുറ്റ്യാടി, ഷമീമ ഷാജഹാൻ, സീനത്ത് ഹമീദ്, ജമീല പേരോട് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top