05 July Tuesday

ദുരെയുടെ ഇര

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

വിസ്‌മയ കേസ്‌ നൽകുന്ന സന്ദേശം വലുതാണ്‌. ഇനിയൊരു 
സ്‌ത്രീക്കെതിരെയും കൈക്കരുത്ത്‌ ഉയരാൻ മടിക്കുമെന്ന സന്ദേശം. 
കേസന്വേഷണം ആരംഭിച്ചതുമുതലുള്ള സംസ്ഥാന സർക്കാരിന്റെ 
കൃത്യമായ ഇടപെടൽ പ്രതി കിരണിന്‌ മികച്ച ശിക്ഷ വാങ്ങിനൽകാൻ 
സാധിച്ചു. സ്‌ത്രീ സമൂഹത്തിന്റെ ആത്മാഭിമാനം ഉയർത്താൻ എപ്പോഴും സർക്കാർ കൂടെയുണ്ടാകുമെന്ന്‌ ഉറപ്പാണ്‌ ഈ ഇടപെടലിലൂടെ 
കാണിച്ചുതരുന്നത്‌

 വേഗത്തിൽ 
നീതി കിട്ടി 

വിസ്മയ കേസിൽ അതിവേഗമാണ് നീതി ലഭ്യമായത്. എൽഡിഎഫ് അധികാരത്തിലുള്ളതുകൊണ്ടാണ് ദ്രുതഗതിയിൽ ഇടപെട്ടതും അന്വേഷണം ശരിയായ രീതിയിലായതും പ്രതി കിരണിന് ജയിൽശിക്ഷ ഉറപ്പാക്കിയതും. മറിച്ചായിരുന്നെങ്കിൽ കേസ് വഴിമാറിപ്പോയേനെ.
വിജി പെൺകൂട്ട് 
(സാമൂഹ്യ പ്രവർത്തക)
ഈ വിധി ഒരു പാഠം
വിസ്മയ കേസിലെ വിധി കേരളത്തിലെ മറ്റുള്ളവരെ  പോലെ  ഞാനും കാത്തിരുന്ന ഒരു വിധിയാണ്.  ശിക്ഷ കുറഞ്ഞുപോയി എന്ന് മാത്രമേ വിഷമമുള്ളൂ. ഈ കേസ് കേരളത്തിലെ എല്ലാ മാതാപിതാക്കൾക്കുമുള്ള മുന്നറിയിപ്പാണ്.  മിക്ക മാതാപിതാക്കളും സ്ത്രീധനം കൊടുക്കുന്നത് ഒരു മത്സരമായി എടുത്തിരിക്കുന്ന കാലഘട്ടമാണിത്. വിധി അവർക്കൊക്കെ ഒരു പാഠമായിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സ്ത്രീകളും നന്നായി പഠിച്ച് ഒരു ജോലി കിട്ടിയതിനുശേഷം മാത്രം  കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നതായിരിക്കും നല്ലത്. സ്ത്രീകൾക്ക് എപ്പോഴും അവരുടെ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാകണം.
 അപർണ ബാലൻ (രാജ്യാന്തര ബാഡ്‌മിന്റൺ താരം)
ആശ്വാസമാകുന്ന 
വിധി
ആത്മാഭിമാനമുള്ള പെൺകുട്ടികളും  ആൺകുട്ടികളും  സ്ത്രീധനം കൊടുക്കാനും വാങ്ങാനും തയ്യാറാവില്ല. പെൺകുട്ടികൾ ജോലിനേടി സാമ്പത്തിക സ്വാശ്രയത്വം നേടുന്നതിനാണ് മുൻഗണനകൊടുക്കേണ്ടത്. ഭർതൃഗൃഹത്തിലെ പീഡനങ്ങൾ പൊറുത്ത് ജീവിക്കേണ്ടതില്ലെന്ന് മാതാപിതാക്കൾ നൽകുന്ന ഉറപ്പാണ് അവൾക്കുള്ള ഏറ്റവും വലിയ ആത്മവിശ്വാസം. വിസ്മയ കേസിലെ വിധി ആശ്വാസമേകുന്നതാണ്. പ്രോസിക്യൂഷനും പൊലീസും ക്രിയാത്മകമായാണ് പ്രവർത്തിച്ചത്. 
ആർ ഇന്ദു (പ്രിൻസിപ്പൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി ബാലുശേരി) 
വിധിയിൽ സന്തോഷം
വിസ്മയ കേസ് വിധിയിൽ സന്തോഷമുണ്ട്. സർക്കാരിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ നീതി വേഗത്തിൽ ലഭ്യമാക്കി. കിരൺ എന്ന പ്രതി മാത്രമല്ല ഇവിടെ കുറ്റം ചെയ്തത്. കുടുംബം, വിവാഹം, ദാമ്പത്യം എന്നീ വ്യവസ്ഥയിലെ അലിഖിത നിയമങ്ങൾ തിരുത്തപ്പെടാത്തിടത്തോളം വിസ്മയ കേസുകൾ ആവർത്തിക്കും. വ്യക്തിത്വവും അന്തസ്സുമുള്ള സ്വതന്ത്ര ജീവിയാണ് താനെന്ന് അവളെ പഠിപ്പിക്കാത്ത സാമൂഹ്യ സംവിധാനങ്ങളും സഹജീവിയായും വ്യക്തിയായും അവളെ അംഗീകരിക്കാൻ പുരുഷനെ ശീലിപ്പിക്കാത്ത ആണധികാര വ്യവസ്ഥയും ഇവിടെ പ്രതികളാണ്. ഈ വ്യവസ്ഥ സ്വാഭാവികമാണെന്ന് കരുതി ജീവിക്കുന്ന സമൂഹമാണ് വിസ്മയക്ക് നീതികിട്ടിയെന്ന് വിളിച്ച് കൂവി ആഘോഷിക്കുന്നത്. 
നീതു കെ ആർ 
(എഴുത്തുകാരി)
വലിയ സന്ദേശം
കേസിന്റെ വിധി സമൂഹത്തിന്‌ നൽകുന്ന സന്ദേശം വലുതാണ്‌.  സർക്കാർ കൃത്യമായി ഇടപെട്ടതുകൊണ്ടാണ്‌ പ്രതി കിരണിനെ ജയിലിലടയ്‌ക്കാൻ സാധിച്ചത്‌. സ്ത്രീധന പീഡനത്തിന്റെ പേരിൽ ഇനിയൊരു ജീവൻ ഇല്ലാതാകാതിരിക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ നൽകണം
ഷർമി ചന്ദ്രൻ (ജീവനക്കാരി, നടുവണ്ണൂർ ഇന്റഗ്രേറ്റഡ് അഗ്രികൾച്ചറൽ കോ ഓപ്‌ സൊസൈറ്റി)
കൂടുതൽ 
ജാഗ്രത വേണം
വിസ്‌മയയുടെ മരണത്തിൽ പ്രതിക്ക്‌ ശിക്ഷലഭിച്ചത്‌ ആശ്വാസകരമാണ്‌. നീതി ലഭിക്കാത്ത എത്രയോ ഇരകൾ പലകാലങ്ങളിലായി ഇവിടെയുണ്ട്‌. 
ഒരു കിരണോ, ഗോവിന്ദച്ചാമിയോ ശിക്ഷിക്കപ്പെട്ടാൽ മാത്രം തീരുന്ന പ്രശ്‌നമല്ലിത്‌. നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയിലൂടെ സ്വന്തം കാലിൽ നിൽക്കാനുള്ള പാഠം നൽകണം. വിവാഹമല്ല പ്രധാനമെന്ന്‌ പഠിപ്പിക്കണം. ജോലിനേടാനായി പ്രാപ്‌തരാക്കണം. 
ഗിരിജ പാർവതി, സാമൂഹ്യ പ്രവർത്തക 
സമൂഹത്തിനുള്ള 
താക്കീത്‌ 
സമൂഹത്തിനും രക്ഷിതാക്കൾക്കുമുള്ള താക്കീതാണ്‌ ഈ വിധി. കേസിൽ സംസ്ഥാന  സർക്കാരിന്റെ ഇടപെടൽ പ്രശംസനീയമാണ്‌. സ്‌ത്രീക്കെതിരെ അതിക്രമം കാട്ടുന്നവർക്ക്‌ കനത്ത ശിക്ഷ ഉണ്ടാകുമെന്നുള്ള പ്രതീക്ഷനൽകുന്നുണ്ട് . 
ഷമീന റസാക്‌ (അധ്യാപിക, സ്‌റ്റാർ കിഡ്‌സ്‌ പ്രീ സ്‌കൂൾ, കോട്ടൂർ എയുപിഎസ്‌). 
സ്‌ത്രീ സുരക്ഷ‌ക്ക്‌ എന്നും മുന്നിൽ 
സ്ത്രീ സുരക്ഷക്കും സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനുമെതിരെ പിണറായി സർക്കാർ കാണിച്ച ആർജവം എന്നും കരുതലും കരുത്തുമാണ്. ഇതിന്റെ ഉത്തമ ഉദാഹരങ്ങളാണ് വിസ്മയ, ഉത്ര, ജിഷ കേസുകളിലെ സർക്കാർ നടത്തിയ ഇടപെടൽ. 
ആശ ബിജുലാൽ 
കൊടുവള്ളി 
കേരളം മാതൃക
കേരള സർക്കാറിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാവുമ്പോൾ വേട്ടക്കാരെ നിയമത്തിനുമുമ്പിൽ കൊണ്ടുവന്നു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണ്.
റുക്സാന കക്കോടി, 
കവയിത്രി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top