കോഴിക്കോട്
ഇ -മൊബിലിറ്റിയിലും അനുബന്ധ സാങ്കേതികവിദ്യകളിലും സഹകരിച്ച് ഗവേഷണം നടത്തുന്നതിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കലിക്കറ്റ് (എൻഐടി-സി) പ്രമുഖ ഡിസൈൻ, ടെക്‌നോളജി സേവനദാതാക്കളായ ടാറ്റ- എൽക്‌സിയുമായി ധാരണപത്രം ഒപ്പിട്ടു.
ഇതിന്റെ ഭാഗമായി, എൻഐടി ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഗതാഗത വൈദ്യുതീകരണത്തിലും അനുബന്ധ എംബഡഡ് സോഫ്റ്റ്‌വെയറുകളിലും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഇലക്ട്രിക് മൊബിലിറ്റിയിലെ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കും. വ്യവസായ പ്രൊഫഷണലുകൾ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ എന്നിവരുടെ ആശയകൈമാറ്റവും പ്രോത്സാഹിപ്പിക്കും.
സ്റ്റാർട്ടപ്പ് കമ്പനിയായ സി -ഇലക്‌ട്രിക്‌സുമായി ചേർന്ന് ഇലക്ട്രിക് വെഹിക്കിൾ മോട്ടോർ ഡിസൈനിലെ ആദ്യ പദ്ധതിയും ഒപ്പുവച്ചു.
എൻഐടി-യിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണയും ടാറ്റ- എൽക്‌സി വൈസ് പ്രസിഡന്റും ട്രാൻസ്‌പോർട്ടേഷൻ ബിസിനസ് യൂണിറ്റ് തലവനുമായ എസ് ഷാജുവുമാണ് ഒപ്പുവച്ചത്. ചഷിലൻ സഗുണൻ (ചെയർമാൻ, മിസോൺ), രവീന്ദ്രൻ കസ്തൂരി (സിഇഒ, യുഎൽസിസിഎസ് ലിമിറ്റഡ്), നിത്യാനന്ദ് കാമത്ത് (മാനേജിങ് ഡയറക്ടർ, എയ്സ് ഗ്രൂപ്പ്, കോഴിക്കോട്), എം എ മെഹബൂബ് (സെക്രട്ടറി, മലബാർ ചേംബർ ഓഫ് കൊമേഴ്സ്), കമാൻഡർ ഡോ. എം എസ് ഷാമസുന്ദരം (എൻഐടിസി രജിസ്ട്രാർ), ഡോ. വി മധുസൂദനൻ പിള്ള, ഡോ. ജോസ് മാത്യു, ഡോ. രവി വർമ്മ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..