25 April Thursday
പ്രശ്നങ്ങൾ സൃഷ്‌ടിച്ചത്‌ പി കെ നവാസെന്ന്‌

ഹരിത വിഷയം: ഇ ടിയുടെ ശബ്ദരേഖ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കോഴിക്കോട്‌ 
ഹരിത വിഷയം സങ്കീർണമാക്കിയതും എംഎസ്‌എഫിൽ പ്രശ്‌നങ്ങൾ  സൃഷ്ടിച്ചതും സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസാണെന്ന്‌ ഇ ടി മുഹമ്മദ്‌ ബഷീർ എംപി  സംസ്ഥാന നേതാക്കളോട് പറയുന്ന  ശബ്ദരേഖ പുറത്തുവന്നു.  മുസ്ലിംലീഗ്‌ നേതൃത്വത്തെയും എംഎസ്‌എഫിനെയും വെട്ടിലാക്കുന്നതാണ്‌ ഇ ടി യുടെ സംഭാഷണം. ‘‘നവാസ്‌ വന്നവഴി (പ്രസിഡന്റായ രീതി) ശരിയല്ല. ഹരിത വിഷയം സങ്കീർണമാകാൻ കാരണം നവാസാണ്. നടപടി വേണ്ടിയിരുന്ന സംഭവമാണിത്‌.  ഉന്നതാധികാര സമിതിയിൽ താൻ ശക്തമായ നിലപാട് എടുത്തിരുന്നു. എംഎസ്എഫിനെ പിണക്കി, ഹരിതയെയും പിണക്കി. ഹരിതയെ പിന്തുണച്ച എംഎസ്‌എഫ്‌ നേതാക്കളെ പുറത്താക്കിയ നടപടി തെറ്റാണ്‌. സംഘടന നന്നാവാൻ നവാസിനെ മാറ്റിനിർത്തുക മാത്രമാണ് വഴി’’–- ഇ ടി ഫോൺ സംഭാഷണത്തിൽ പറയുന്നു. 
മുസ്ലിംലീഗ്‌ അഖിലേന്ത്യാ ഓർഗനൈസിങ്‌‌ സെക്രട്ടറിയായ ഇ ടി മുഹമ്മദ്‌ ബഷീർ ലീഗ്‌ ഉന്നതാധികാര സമിതി യോഗത്തിന്‌ മുന്നോടിയായി ചില നേതാക്കളോട്‌ നടത്തിയ സംഭാഷണമാണ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്‌. സമസ്‌ത വേദിയിൽനിന്ന്‌  പെൺകുട്ടിയെ ഇറക്കിവിട്ട വിഷയത്തിൽ പി കെ നവാസ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിട്ടിരുന്നു. ഇത്‌ ലീഗ്‌ –-സമസ്‌ത നേതൃത്വങ്ങൾക്ക്‌ രുചിച്ചിരുന്നില്ല. ഇത്‌ ചൂണ്ടിക്കാട്ടിയാണ്‌ മുഹമ്മദ് ‌ബഷീർ നവാസിന്റെ ചെയ്‌തികളെ വിമർശിക്കുന്നത്‌. 
ഹരിത വിഷയം ലീഗിനകത്ത്‌ ഇപ്പോഴും പുകയുന്നതിന്റെ സൂചനയാണ്‌ ഇ ടിയുടെ സംഭാഷണം. എംഎസ്‌എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി  ലതീഫ്‌ തുറയൂർ, അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ ഫാത്തിമ തെഹ്ലിയ എന്നിവർക്കെതിരെ എടുത്ത നടപടിയിലടക്കം  ലീഗിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നതായും സംഭാഷണം വ്യക്തമാക്കുന്നു . എംഎസ്‌എഫിലെ വനിതാനേതാക്കളെ അധിക്ഷേപിച്ച നവാസിനെ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌തങ്ങളാണ്‌  സംരക്ഷിക്കുന്നതെന്ന ആരോപണവും ലീഗിലുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top