20 April Saturday

ജമാഅത്തെ 
യുവസമ്മേളനത്തിൽ 
ലീഗ്‌; ലക്ഷ്യം തൃക്കാക്കര

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കോഴിക്കോട്‌  
ജമാഅത്തെ ഇസ്ലാമി യുവജനസംഘടനാ സംസ്ഥാന  സമ്മേളനത്തിൽ യൂത്ത്‌ ലീഗ് ‌സംസ്ഥാന പ്രസിഡന്റ്‌ മുനവറലി തങ്ങൾ  പങ്കെടുത്തതിനെച്ചൊല്ലി ലീഗിൽ അതൃപ്‌തി. സമസ്‌തയടക്കമുള്ള സംഘടനകൾ എതിർക്കുന്ന മതരാഷ്‌ട്രവാദ സംഘടനയുടെ വേദിയിലെത്തിയതിലാണ്‌ വിമർശം. ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യത്തിൽ തീവ്രവർഗീയ പ്രസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത്‌ തെറ്റായ സന്ദേശം നൽകുമെന്നാണ്‌ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ. അതേസമയം തൃക്കാക്കരയടക്കം മുന്നിൽക്കണ്ട്‌ യുഡിഎഫിന്റെകൂടി താൽപ്പര്യ സംരക്ഷണത്തിനാണ്‌ ജമാഅത്തെ വേദിയിലെത്തിയതെന്നാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ ന്യായവാദം. കഴിഞ്ഞ ദിവസം കൊച്ചിയിൽ സമാപിച്ച ജമാഅത്തെ യുവസംഘടന സോളിഡാരിറ്റിയുടെ സംസ്ഥാനസമ്മേളനത്തിലെ സാന്നിധ്യമാണ്‌ വിവാദങ്ങൾക്ക്‌ അടിസ്ഥാനം. 
 ജമാഅത്തെ ബന്ധത്തിന്റെ വക്താവായ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളുടെ അനുവാദത്തിലായിരുന്നു മുനവറലി കൊച്ചിയിലെ വേദിയിൽ പോയത്‌. എന്നാൽ  സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)യെ കൂടാതെ മുജാഹിദ്‌ വിഭാഗങ്ങളും ജമാഅത്തെ സമ്മേളനത്തിന് ‌പോയില്ല.  ഈ സംഘടനകളുടെ എതിർപ്പ്‌ മാനിക്കാതെയാണ്‌ ലീഗ്‌ മുനവറലിയെ  പങ്കെടുപ്പിച്ചത്‌. സോളിഡാരിറ്റി മില്ലി കോൺഫറൻസ്‌(പണ്ഡിത സമ്മേളനം) മുനവറലിയാണ്‌  ഉദ്‌ഘാടനം ചെയ്‌തത്‌. ഈ പരിപാടിയുടെ ഫോട്ടോയടക്കം നിരത്തിയാണ്‌ ലീഗിൽ ഒരുവിഭാഗം പ്രതിഷേധവുമായി എത്തിയത്‌. 
എന്നാൽ തൃക്കാക്കരയിൽ ജമാഅത്തെ ഇസ്ലാമി വോട്ട്‌ നഷ്ടമാകാതിരിക്കാനുള്ള ‘അഡ്‌ജസ്‌റ്റ്‌മെന്റാ’ണിതെന്ന്‌ തിരിച്ചറിയണമെന്നാണ്‌ ന്യായീകരിച്ചുള്ള പ്രതികരണം.   
അതേസമയം ലീഗിന്റെ ജമാഅത്തെ ബന്ധം കോൺഗ്രസിൽ ഒരുവിഭാഗത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്‌. ലീഗിന്റെ തീവ്രവർഗീയ ബാന്ധവം തിരിച്ചടിയാകുമോ എന്ന ആശങ്കയാണ്‌  ഇവർ പ്രകടിപ്പിക്കുന്നത്‌. തൃക്കാക്കരയിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടി സ്ഥാനാർഥി ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാഅത്തെ  യുഡിഎഫിനെയാണ്‌ പിന്തുണച്ചതും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top