19 April Friday
കെഎസ്‌ആർടിസി ബസ്‌ ടെർമിനൽ

ആറുമാസത്തിനകം 
തൂണുകൾ ബലപ്പെടുത്തും

സ്വന്തം ലേഖികUpdated: Thursday Jan 26, 2023
 
കോഴിക്കോട്‌
തൂണുകളും ബീമുകളും ബലപ്പെടുത്തി  മാവൂർ റോഡ്‌ കെഎസ്‌ആർടിസി ബസ്‌ ടെർമിനൽ   ആറുമാസത്തിനകം നവീകരിക്കും. ബലക്ഷയം സംബന്ധിച്ച്‌ മദ്രാസ്‌ ഐഐടി വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ്‌ ഗതാഗത വകുപ്പ്‌ തീരുമാനമെടുത്തത്‌. ടെർമിനലിന്റെ പല ഭാഗങ്ങളിലും വലിയരീതിയിൽ ബലക്ഷയമുണ്ടെന്നാണ്‌ കണ്ടെത്തൽ. 90 ശതമാനത്തിലധികം തൂണുകളും 80 ബീമുകളും കുറച്ച്‌ സ്ലാബുകളും ബലപ്പെടുത്തണമെന്നാണ്‌ റിപ്പോർട്ട്‌ ശുപാർശ. ഏതാണ്ട്‌ 30 കോടി രൂപ ഇതിന്‌ വേണ്ടിവരുമെന്നും നടപടി എത്രയും വേഗത്തിൽ ആരംഭിക്കുമെന്നും മന്ത്രി ആന്റണി രാജു പറ
ഞ്ഞു. പിഴവ്‌ വരുത്തിയ ആർക്കിടെക്‌ടിൽനിന്ന്‌ ഈ തുക കണ്ടെത്താനുള്ള നിയമ നടപടി കൈക്കൊള്ളും. 
ഐഐടി മദ്രാസിനെ കൺസൾട്ടന്റായി കൊണ്ടാണ്‌ ബലപ്പെടുത്തൽ നടപടി കൈക്കൊള്ളുക. ഏജൻസിയെ നിയോഗിക്കാനായി യോജിച്ച കമ്പനികളുടെ പട്ടിക ഐഐടി തയ്യാറാക്കും. ഇതിൽ ടെൻഡർ വിളിച്ചാണ്‌ പ്രവൃത്തികൾ നൽകുക. ഫെബ്രുവരി ഒന്നിനകം ടെൻഡർ നടപടിയിലേക്ക്‌ കടക്കാൻ നിർദേശംനൽകി. താഴെ നിലയിൽ ബലപ്പെടുത്തൽ പ്രവൃത്തി നടക്കുമ്പോൾ ബസ്‌ സ്‌റ്റാൻഡിനായി ബദൽ മാർഗം ഏർപ്പെടുത്താനാണ്‌ ആലോചന. 
ഐഐടി സ്‌ട്രക്ചറൽ എൻജിനിയറിങ്‌ വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. 2015ലാണ്‌  ടെർമിനൽ നിർമിച്ചത്‌. നിർമാണത്തിലെ പിഴവുമായി ബന്ധപ്പെട്ട്‌ നിലവിൽ നിയമനടപടി പുരോഗമിക്കുകയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top