19 April Friday

ഫറോക്ക് പഴയപാലം 
പുനർനിർമാണം ഉടൻ

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022

നവീകരിക്കുന്ന ഫറോക്ക് പഴയ ഇരുമ്പുപാലം

 
ഫറോക്ക് 
ഫറോക്കിലെ ചാലിയാറിന് കുറുകെയുള്ള  ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ബ്രിട്ടീഷ് നിർമിത ഇരുമ്പുപാലം   ഉടൻ പുനർനിർമിക്കും.  ബേപ്പൂർ മണ്ഡലത്തിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മാതൃക സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ  ഭാഗമായാണ്‌ പാലം പുനർനിർമാണം.
സമ്പൂർണ ഉരുക്കുനിർമിത പാലത്തിന് ഒട്ടേറെ കേടുപാട്‌ സംഭവിച്ചിട്ടുണ്ട്‌.  മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലാണിപ്പോൾ നവീകരണം വേഗത്തിലാക്കിയത്. 
1883 ലാണ് ബ്രിട്ടീഷുകാർ പാലം നിർമിച്ചത്. 2005ലാണ് ഒടുവിൽ അറ്റകുറ്റപ്പണി നടത്തിയത്.
പാലം പുതുക്കിപ്പണിയാൻ 90 ലക്ഷം രൂപ ഇതിനകം സർക്കാർ അനുവദിച്ച് ഭരണാനുമതി നൽകി. ഡിസൈൻ തയ്യാറാക്കി സാങ്കേതികാനുമതിയ്ക്കായി സമർപ്പിച്ചിരിക്കയാണ്. ഈ ആഴ്ചയോടെതന്നെ  സാങ്കേതികാനുമതിയും ലഭിക്കും. തുടർന്ന്‌ ടെൻഡർ നടപടികളാരംഭിക്കും. 
പുതിയ ഡിസൈൻ പ്രകാരം സ്വർണനിറവും നിറയെ അലങ്കാര വെളിച്ചവും ഒരുക്കും. ഇതോടെ കരയിൽനിന്നും ചാലിയാറിലൂടെയുള്ള ജലയാത്രയിലും വിസ്മയക്കാഴ്ചയാകും പാലം.  പാലത്തിലേക്കുള്ള ഇരു പ്രവേശന കവാടവും കൂറ്റൻ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള കവചവും അത്യാകർഷകമാക്കും. ഇരുകരകളിലും ഇന്റർലോക്ക് ചെയ്ത്‌ നടപ്പാതയുമൊരുക്കും. പഴയ പാലം നവീകരണത്തിനുപുറമെ ഇതിന് സമീപംതന്നെ ബദൽ പാലത്തിനുള്ള സാധ്യതാ പഠനവും വൈകാതെ പൂർത്തിയാക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top