19 April Friday

പ്രൈം വോളി കൈനിറയെ പ്രതീക്ഷയുമായി കേരളം

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022

കാലിക്കറ്റ് ഹീറോസ് ടീം

കോഴിക്കോട്‌ 
പ്രൈം വോളി പ്രഥമ സീസണിൽ നിറയെ പ്രതീക്ഷയുമായി ടീം കാലിക്കറ്റ് ഹീറോസ് ഹൈദരാബാദിലേക്ക്‌ വണ്ടികയറുന്നു. കഴിഞ്ഞ തവണ പ്രൊ വോളിയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ  തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായാണ്‌ ടീം ബുധനാഴ്‌ച യാത്രതിരിക്കുന്നത്‌. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദേവഗിരി സെന്റ് ജോസഫ് ഇൻഡോർ സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ താരവും പരിശീലകനുമായ കിഷോർ കുമാറിന്റെ നേതൃത്വത്തിൽ കഠിന പരിശീലനത്തിലായിരുന്നു ടീം.
സീനിയർ ഇന്ത്യൻ താരവും യൂണിവേഴ്സൽ അറ്റാക്കറുമായ  ജെറോം  വിനീതാണ് ടീം നായകൻ. അറ്റാക്കിങ് പൊസിഷനിൽ മറ്റൊരു സീനിയർ ഇന്ത്യൻ താരവും കഴിഞ്ഞ പ്രൊ വോളിയിലെ ഏറ്റവും മികച്ച താരവുമായിരുന്ന  അജിത് ലാലുണ്ട്‌. സെറ്റർമാരായി ദേശീയ താരങ്ങളായ ജിതിനും ലാൽ സുജനും ബ്ലോക്കർമാരായി സച്ചിൻ, മുജീബ് എന്നിവരുമുണ്ട്‌. യൂണിവേഴ്സൽ അറ്റാക്കർമാരായി അൻസാബ് അഹമ്മദ്, അരുൺ സക്കറിയ, അറ്റാക്കിങ്ങിൽ ശക്തിപകരാൻ  ദേശീയതാരം അഭിൽ കൃഷ്ണയും വിഘ്‌നേശ് രാജും ജൂനിയർ താരം വിശാൽ കൃഷ്ണയും ലിബറോ പൊസിഷനിൽ തമിഴ്നാട് താരം രാമനാഥനും കൂടിച്ചേർന്ന്‌ ശക്തമാണ്‌ ടീം.
അമേരിക്കൻ താരവും ഒളിമ്പിക്സ്‌ ഗോൾഡ് മെഡൽ ജേതാവുമായ ഡേവിഡ് ലീയും ഫ്രഞ്ച് താരം ആരോൺ കൗബിയുമാണ് കാലിക്കറ്റ് ഹീറോസിന്റെ വിദേശ താരങ്ങൾ. സഹ പരിശീലകനായി കോഴിക്കോട്ടുകാരൻ സി വി നജീബും ഫിസിയോ ആയി ഫിഫ സെർട്ടിഫൈഡ് സജേഷും ജൂനിയർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്രെയിനറായി സേവനംചെയ്ത ഡോ.  സാൻഡി നായരുമുണ്ട് .
 കോഴിക്കോട്ടുനിന്ന് നേടിയ പരിശീലനം ഇത്തവണ ടീമിന് ഗുണം ചെയ്തുവെന്ന്‌     കാലിക്കറ്റ് ഹീറോസ് ഉടമ സഫീർ ബീക്കൺ പറഞ്ഞു. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ആണ്  ബ്രാൻഡ് അംബാസഡർ, കാലിക്കറ്റ് ഹീറോസിന്റെ താരങ്ങളും  സഞ്ജു സാംസണും ചേർന്നൊരുക്കിയ പ്രൊമോഷണൽ വിഡിയോയും പുറത്തിറക്കി .
ഫെബ്രുവരി അഞ്ചുമുതൽ  ഹൈദരാബാദ് ഗച്ചി ബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top