26 April Friday

നാളികേര കർഷകർക്ക്‌ പ്രതീക്ഷ: കൂടുതൽ പച്ചത്തേങ്ങ 
സംഭരണകേന്ദ്രം

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022

 

കോഴിക്കോട്‌
വിലയിടിവിനാൽ ബുദ്ധിമുട്ടുന്ന നാളികേര കർഷകർക്ക്‌ പ്രതീക്ഷ പകർന്ന്‌ കൂടുതൽ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കാൻ കേരഫെഡ്‌ ഒരുങ്ങുന്നു.  കൊപ്രവില 10,590 രൂപയിൽ താഴുമ്പോൾ കേന്ദ്രസർക്കാർ ഇടപെട്ട്‌ താങ്ങുവില പ്രഖ്യാപിച്ച്‌ സഹായധനം നൽകണം. എന്നാൽ  മാസങ്ങളായി  വില  9700  രൂപയിൽ താഴെയാണ്‌. നാളികേര കർഷകരുടെ ദുരവസ്ഥ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമാകാത്ത സ്ഥിതിയിലാണ്‌ കേരഫെഡ്‌   പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്‌. ഈ മാസം  തുടക്കത്തിൽ സംസ്ഥാനത്ത്‌ എട്ട്‌ കേന്ദ്രങ്ങളിൽ കിലോയ്ക്ക്‌ 32 രൂപ നിരക്കിൽ സംഭരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലായിരുന്നു  സംഭരണം.  എന്നിട്ടും  പൊതുവിപണിയിൽ തേങ്ങവില ഉയരാത്ത സാഹചര്യത്തിലാണ്‌  വടക്കൻ മേഖലകളിൽ 30 കേന്ദ്രങ്ങൾകൂടി തുടങ്ങുന്നത്‌. 28 രൂപയാണ്‌ പച്ചത്തേങ്ങക്ക്‌ ഇപ്പോഴും പൊതുവിപണിയിൽ ലഭിക്കുന്നത്‌. പക്ഷേ കേരഫെഡിന്റെ സംഭരണത്തിൽ നാളികേരം കിട്ടാത്ത സ്ഥിതിയുമുണ്ട്‌.    കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50 പൈസകൂടി   അധികവിലയായി നൽകുന്നത്‌ പരിഗണിക്കുമെന്നും കോഴിക്കോട്‌ വേങ്ങേരിയിലെ കാർഷിക വിപണനകേന്ദ്രത്തിലെ സംഭരണം ശക്തിപ്പെടുത്തുമെന്നും  നാളികേര വികസന കോർപറേഷൻ ഭാരവഹികൾ പറഞ്ഞു. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, തൃശൂർ ജില്ലകളിലെ തേങ്ങ സംഭരിക്കാൻ വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌സ്‌ പ്രൊമോഷൻ കൗൺസിലും ആലോചിക്കുന്നു. സംഭരണ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായിട്ടുണ്ട്‌. സർക്കാർ അനുമതി ലഭിച്ചാൽ നാളികേരം തൂക്കിയെടുക്കൽ തുടങ്ങും. നാളികേര ഉൽപ്പാദക കമ്പനികളുമായി കൃഷിവകുപ്പ്‌ ചർച്ച നടത്തി. ചില കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാൽ ആദ്യഘട്ടത്തിൽ സർക്കാർ സംവിധാനത്തിലാകും സംഭരണം. 
പച്ചത്തേങ്ങ സംഭരണത്തിന്‌ ഒന്നാംഘട്ടമായി കേരഫെഡിന് ഒരു കോടിയും  നാളികേര വികസന കോർപറേഷന്‌ 50 ലക്ഷവുമാണ്‌ കൃഷിവകുപ്പ്‌ അനുവദിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top