29 March Friday

മൊബൈൽ ഫോൺ ഉപയോഗം കൂടുതൽ പാരന്റിങ്‌ ക്ലിനിക്കിലെത്തുന്നതിലേറെയും 
സ്വഭാവ വൈകല്യ പരാതികൾ

എം ജഷീനUpdated: Wednesday Jan 26, 2022
കോഴിക്കോട്‌
സംസ്ഥാനത്ത്‌ ഉത്തരവാദിത്വ രക്ഷാകർതൃത്വം ഉറപ്പാക്കാനായി ആരംഭിച്ച പാരന്റിങ്‌ ക്ലിനിക്കുകളിലെത്തിയതിൽ ഏറെയും സ്വഭാവ വൈകല്യവുമായി ബന്ധപ്പെട്ട പരാതികൾ.  ക്ലിനിക്‌  ഒരുവർഷത്തോടടുക്കുമ്പോൾ ലഭിച്ച 9000 കേസിൽ   2600 ഉം ഈ വിഭാഗത്തിലാണ്‌. അമിത മൊബൈൽ ഫോൺ, ലഹരി മരുന്ന്‌ ഉപയോഗങ്ങളാണ്‌ കുട്ടികളിൽ  കൂടുതലായി കാണുന്നത്‌.   
   ഫെബ്രുവരിയിലാണ്‌ എല്ലാ ജില്ലയിലും ബ്ലോക്ക്‌ തലങ്ങളിൽ പാരന്റിങ്‌ ക്ലിനിക്കുകൾ  തുടങ്ങിയത്‌. കുട്ടികൾക്കിടയിലെ പ്രശ്‌നങ്ങൾ രക്ഷിതാക്കളെ  ഉൾപ്പെടുത്തി പരിഹരിക്കുന്നതിനായുള്ള   ഉദ്യമത്തിൽ 8001 രക്ഷിതാക്കൾക്കും 7578 കുട്ടികൾക്കും കൗൺസലിങ്‌ അടക്കമുള്ള സേവനങ്ങൾ നൽകി  പുതുജീവിതത്തിലേക്ക്‌ കൊണ്ടുവരാനായി.  
 കുട്ടികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങളാണ്‌ കൂടുതലും ലഭിക്കുന്നത്‌. അപകടകരമാവുന്ന രീതിയിൽ ഗെയിമുകൾ കളിക്കൽ, ഫോൺ കൊടുത്തില്ലെങ്കിലുള്ള അസാധാരണ പെരുമാറ്റങ്ങൾ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ്‌ ശ്രദ്ധയിലെത്തിയത്‌. 2538 വൈകാരിക പ്രശ്‌നങ്ങൾ, പഠന വൈകല്യ കേസുകൾ 1500, പ്രണയം, നിരാശ തുടങ്ങി 817 കേസുകൾ, കുടുംബ പ്രശ്‌നങ്ങൾ 1474 എന്നിങ്ങനെയാണ്‌ ലഭിച്ച മറ്റു പരാതികൾ. 
   ആശാവർക്കർമാർ, പൊലീസ്‌, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ വഴിയാണ്‌ ഇത്തരം പ്രശ്‌നങ്ങൾ ക്ലിനിക്കുകളിൽ എത്തുന്നത്‌. ഇതിന്‌ പുറമെ പഞ്ചായത്ത്‌ തലത്തിൽ ക്യാമ്പ്‌ നടത്തിയും   പ്രശ്‌നങ്ങൾ പരിഹരിക്കുന്നു.  ബ്ലോക്കുകളിലെ ഐസിഡിഎസ്‌ ഓഫീസുകളിൽ ശനിയാഴ്‌ചകളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ നാല്‌ വരെയാണ്‌ കൗൺസലർമാരുള്ള ക്ലിനിക്‌  പ്രവർത്തിക്കുക. കോവിഡ്‌ വ്യാപനത്തിൽ ഓൺലൈനായും സേവനമുണ്ട്‌.  വിദഗ്‌ധ പരിചരണം വേണ്ടവ   ഡിസ്‌ട്രിക്ട്‌  റിസോഴ്‌സ്‌ സെന്റർ, ഇംഹാൻസ്‌ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക്‌ ശുപാർശചെയ്യും. 
 ബോധവൽക്കരണത്തിലൂടെ  പൊതുജനങ്ങളിലേക്ക്‌ ഈ പദ്ധതിക്ക്‌ കൂടുതൽ പ്രചാരണം നൽകുകയാണ്‌ ലക്ഷ്യമെന്ന്‌ വനിതാ–-ശിശു വികസന വകുപ്പ്‌ യുനിസെഫ്‌ കൺസൾട്ടന്റ്‌ പി പ്രേംജിത്ത്‌ പറഞ്ഞു.   അടുത്ത ഘട്ടത്തിൽ സ്‌കൂളുകളിലും ക്യാമ്പുകൾ നടത്തി കുട്ടികളുടെ പ്രശ്‌നങ്ങളിലേക്ക്‌ സമഗ്ര  ഇടപെടലാണ്‌ ആസൂത്രണംചെയ്യുന്നത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top