20 April Saturday

ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതി വിദ്യാലയങ്ങളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തും

സ്വന്തം ലേഖികUpdated: Wednesday Jan 26, 2022
കോഴിക്കോട്‌ 
വിവിധ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള  പദ്ധതികൾക്ക്‌ ജില്ലാ പഞ്ചായത്ത്‌ അംഗീകാരം. കുടിവെള്ളം, ശുചിമുറികളുടെ നിർമാണം, മികച്ച ക്ലാസ്‌റൂം–ലാബ്‌ സൗകര്യം, പാചകപ്പുര ആധുനികവൽക്കരിക്കൽ, നാപ്‌കിൻ വെൻഡിങ്‌ മെഷീൻ സ്ഥാപിക്കൽ തുടങ്ങിയവയ്‌ക്കായി സെൻട്രൻ ഫിനാൻഷ്യൽ ഗ്രാൻഡിന്റെ സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതോടൊപ്പം വാർഡുകളിലെ കുടിവെള്ള പദ്ധതികൾക്കായും ഫണ്ട്‌ നീക്കിവയ്‌ക്കുന്നുണ്ട്‌. ഇതിനെല്ലാം ഏകദേശം 13 കോടി രൂപയാണ്‌ ലഭിക്കുക. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 44 സ്‌കൂളുകളിൽ ആവശ്യമുള്ള ഇടങ്ങളിലാണ്‌ നടപ്പാക്കുന്നത്‌. അനുമതി ലഭിച്ചാൽ എയ്‌ഡഡ്‌ സ്‌കൂളുകളിൽ നാപ്‌കിൻ വെൻഡിങ്‌ മെഷീൻ സ്ഥാപിക്കാനായി പദ്ധതി തയ്യാറാക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി പറഞ്ഞു.  
● ജാഗ്രതാസമിതി 
ശക്തിപ്പെടുത്തും 
സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ചെറുക്കാനും അവർക്ക്‌ കരുതലേകാനുമായി പഞ്ചായത്തുകൾതോറുമുള്ള ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്താൻ ജില്ലാ പഞ്ചായത്ത്‌ തീരുമാനം. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കും. ഇതിനായി രണ്ടര ലക്ഷം രൂപയാണ്‌ അനുവദിക്കുന്നത്‌. ഇതിലൂടെ വിവിധ പഞ്ചായത്തുകളിലുള്ള ജാഗ്രതാസമിതി ഓഫീസുകളിൽ ഫർണീച്ചർ ഉൾപ്പെടെയുള്ളവ വാങ്ങും. എല്ലായിടത്തും ഓഫീസ്‌ സംവിധാനം ഒരുക്കും. വനിതകൾക്കും ജനപ്രതിനിധികൾക്കും സന്നദ്ധ പ്രവർത്തകർക്കും ബോധവൽക്കരണ പരിപാടികൾ നടപ്പാക്കാനും ജാഗ്രതാ സമിതികൾക്കുള്ള കൈപ്പുസ്‌തകം തയ്യാറാക്കാനും ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്‌.    
● യോഗം വിളിക്കും 
 കുടിവെള്ള ആവശ്യത്തിനായി റോഡുകൾ കീറി പൈപ്പുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഏകോപനമുണ്ടാക്കാൻ ജില്ലാ പഞ്ചായത്ത്‌ എൻജിനിയറിങ്‌ വിഭാഗത്തിന്റെയും ജലജീവൻ മിഷന്റെയും കേരള വാട്ടർ അതോറിറ്റിയുടെയും യോഗം വിളിക്കും. 
ചെണ്ടയിൽ കൊട്ടിക്കയറി ലോക റെക്കോഡ്‌ സ്ഥാപിച്ച വിഷ്‌ണു ഒടുമ്പ്രയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ, എൻ എം വിമല, വി പി ജമീല, പി പി പ്രേമ, കെ വി റീന, പി സുരേന്ദ്രൻ, കെ കെ സുരേഷ്‌, ഐ പി രാജേഷ്‌, ധനീഷ്‌ ലാൽ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടി അഹമ്മദ്‌ കബീർ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top