16 July Wednesday

കോഴിക്കോട് ജില്ലാ സ്കൂൾ കായികമേള മുക്കം സുവർണജേതാക്കൾ

സ്വന്തം ലേഖകൻUpdated: Friday Nov 25, 2022
കോഴിക്കോട്‌
ജില്ലാ സ്‌കൂൾ കായിക മേളയിൽ  മിന്നുന്ന വിജയത്തോടെ മുക്കം ഉപജില്ല ജേതാക്കളായി. 326 പോയന്റ്‌ നേടിയാണ്‌ ഒരിക്കൽകൂടി മുക്കം കിരീടം സ്വന്തമാക്കിയത്‌. പുല്ലാരാമ്പാറ സെന്റ്‌ ജോസഫ്‌ സ്‌കൂൾ നേടിയ 241 പോയന്റിന്റെ കരുത്തിലാണ്‌  മുക്കം കിരീടം തൊട്ടത്‌. 79 പോയന്റ്‌ നേടി പേരാമ്പ്ര ഉപജില്ലയാണ്‌ രണ്ടാമത്‌. 66 പോയന്റോടെ  ബാലുശേരി മൂന്നാമതെത്തി. 
 മൂന്നുദിവസങ്ങളിലായി കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ അബ്ദുറഹ്മാൻ സ്‌റ്റേഡിയത്തിലാണ്‌ കായികമേള നടന്നത്‌.  സ്‌കൂളുകളിൽ 29 സ്വർണവും 31 വെള്ളിയും 15 വെങ്കലവും ഉൾപ്പെടെയാണ്‌ പുല്ലുരാമ്പാറ 241 പോയന്റ്‌ നേടിയത്‌. 62 പോയന്റോടെ പൂവമ്പായി എ എം എച്ച്‌ എസാണ്‌ രണ്ടാമത്‌. 55 പോയന്റുമായി കുളത്തുവയൽ സെന്റ്‌ ജോർജ്‌ എച്ച്‌ എസ്‌എസ്‌ മൂന്നാമത്‌. മേളക്കെത്തിയ 72ൽ 67 സ്‌കൂളുകളും മെഡൽ പട്ടികയിൽ ഇടം നേടി. 24 സ്‌കൂളുകളാണ്‌ സുവർണനേട്ടം കൈവരിച്ചു. 
  ഡിസംബർ മൂന്നുമുതൽ ആറുവരെ നടക്കുന്ന സംസ്ഥാന കായികമേളയിൽ ജില്ലയിൽ നിന്നും മാറ്റുരയ്‌ക്കുക 384 കൗമാരപ്രതിഭകളാണ്‌. ജൂനിയർ ആൺകുട്ടികളിൽ പങ്കെടുത്ത മൂന്നിനങ്ങളിലും സ്വർണം നേടി  കോഴിക്കോട്‌ മോഡൽ ഗവ. ഹയർ സെക്കൻഡറിയിലെ പി അമലും പെൺകുട്ടികളിൽ എയ്‌ഞ്ചൽ ജെംയിസും മേളയുടെ താരങ്ങളായി.   സീനിയർ ആൺകുട്ടികളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്എസിലെ സി പി അഭിജിത്തും മൂന്ന്‌ സ്വർണവുമായി മേളയിലെ മിന്നും താരമായി.  സമാപന സമ്മേളനത്തിൽ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷയായി. ഡിഡിഇ മനോജ്‌ മണിയൂർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top