19 April Friday

ത്വക്ക്‌ രോഗാശുപത്രിയിൽ ന്യൂജൻ ചികിത്സ

സ്വന്തം ലേഖികUpdated: Friday Nov 25, 2022

ചേവായൂരിലെ ഗവ. ത്വക്ക് രോഗാശുപത്രി

കോഴിക്കോട്‌
കരിമംഗലമോ പാടോ മുടികൊഴിച്ചിലോ പ്രശ്‌നങ്ങൾ എന്തുമാകട്ടെ  പതിനായിരങ്ങൾ മുടക്കി സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടേണ്ട; പരിഹാരം ഇവിടെയുണ്ട്‌. ചേവായൂരിലെ ഗവ. ത്വക്ക്‌ രോഗാശുപത്രിയാണ്‌ ചർമരോഗങ്ങൾക്കും സംരക്ഷണത്തിനുമുള്ള ആധുനിക ചികിത്സ ഒരുക്കുന്നത്‌. കുഷ്‌ഠത്തിനും ഇതര  ചർമരോഗങ്ങൾക്കുമുള്ള ചികിത്സയ്‌ക്കുപുറമെയാണ്‌ ചർമസൗന്ദര്യം വീണ്ടെടുക്കാനുള്ള സംവിധാനങ്ങൾ. മുഖത്തും ശരീരത്തിലുമുള്ള കരിമംഗലം, പാടുകൾ, പച്ചകുത്തിയത്‌ മായ്‌ക്കൽ എന്നിവയ്‌ക്ക്‌ ഉൾപ്പെടെയുള്ള ലേസർ സംവിധാനമാണ്‌ (ക്യുസ്വിച്ച്‌ഡ്‌ എൻഡിയാഗ്‌) ആശുപത്രിയിൽ എത്തിയത്‌. ഗെയിൽ ഇന്ത്യയുടെ സിഎസ്‌ആർ ഫണ്ടിലാണ്‌ 17 ലക്ഷം രൂപയുടെ സംവിധാനം ഒരുങ്ങിയത്‌. അടുത്ത ആഴ്‌ച ചികിത്സ ആരംഭിക്കും.  
മുടികൊഴിച്ചിലിനുള്ള പിആർപി(പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ) ചികിത്സയാണ്‌ അടുത്തിടെ ആരംഭിച്ച മറ്റൊന്ന്‌. കാർബൺ ഡയോക്സൈഡ്‌ ലേസർ ഉപയോഗിച്ച്‌ മുഖചർമത്തെ പുനരുജ്ജീവിപ്പിക്കുന്ന ഫേഷ്യൽ റീജ്യുവനേഷൻ, ചുളിവിനും കരുവാളിപ്പിനുമുള്ള മൈക്രോ ഡർമ അബ്രിവേഷൻ എന്നിവയും ലഭ്യമാണ്‌.  മുഖത്തെ കുരുക്കൾ നീക്കുന്നതിനുള്ള കെമിക്കൽ പീലിങ് നേരത്തെ തുടങ്ങിയിരുന്നു. കോവിഡ്‌ കാലത്ത്‌ നിലച്ച ഈ ചികിത്സ  ഉടൻ പുനരാരംഭിക്കും.  
ലെപ്രസി ആശുപത്രി 2014ലാണ്‌ ചർമരോഗാശുപത്രിയായത്‌. മികച്ച ചികിത്സയും സേവനവും ആയതോടെ ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്‌. കിടത്തിചികിത്സാ സംവിധാനവുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top