06 May Monday

"വനിതാ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോകരുതേ'

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2023

വനിതാ പൊലീസ് സ്റ്റേഷൻ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സ്റ്റേഷൻ ആരംഭത്തിൽ ജോലിചെയ്തിരുന്ന പൊലീസ് 
ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ റിട്ട. എസ്‌പി കുട്ടിയമ്മയെ കാനത്തിൽ ജമീല എംഎൽഎ പൊന്നാട അണിയിക്കുന്നു

കോഴിക്കോട്‌
‘വനിതാ പൊലീസ്‌ സ്റ്റേഷൻ ആരംഭിക്കുന്നത്‌ സംബന്ധിച്ച്‌ സേനയിൽ അക്കാലത്ത്‌ ഗൗരവമായ ചർച്ചകൾ നടന്നു. സ്‌ത്രീകൾക്ക്‌ ചുമതല നിർവഹിക്കാനാകുമോ എന്ന്‌ പലരും സംശയം പ്രകടിപ്പിച്ചു. സ്വതന്ത്ര ചുമതല ചെയ്യുമ്പോൾ അവർക്ക്‌ സംരക്ഷണം ഉറപ്പാക്കാനാവുമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. സ്റ്റേഷൻ പ്രവർത്തനം തുടങ്ങി മാസങ്ങൾക്കുള്ളിൽതന്നെ ഫലപ്രദമാണെന്ന്‌ മനസ്സിലായി. അറസ്റ്റ്‌ചെയ്യുന്ന മോഷ്ടാക്കളിൽ പലരും വനിതാ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോകരുതെന്ന്‌ അഭ്യർഥിക്കുമായിരുന്നു’. മുൻ ഡിജിപി കെ ജെ ജോസഫിന്റെ വാക്കുകൾക്ക്‌ നിറഞ്ഞ കൈയടി. വനിതാ പൊലീസ്‌ സ്റ്റേഷൻ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴയകാല വനിതാ ഓഫീസർമാർക്കുള്ള ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 1973ൽ ആദ്യ വനിതാ പൊലീസ്‌ സ്റ്റേഷൻ കോഴിക്കോട്ട്‌ തുടങ്ങുന്ന കാലത്ത്‌ കോഴിക്കോട്‌ എസ്‌പിയായിരുന്നു അദ്ദേഹം. ലോകത്തിലെ ആദ്യത്തെ വനിതാ പൊലീസ്‌ സ്റ്റേഷനാണ്‌ അന്ന്‌ കോഴിക്കോട്ട്‌ തുടക്കംകുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. വനിതാ പൊലീസിന്റെ പ്രവർത്തനം രാജ്യത്തിന്‌ മാതൃകയാണെന്ന്‌ ചടങ്ങ്‌ ഉദ്‌ഘാടനംചെയ്‌ത്‌ കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. 
പഴയകാല വനിതാ പൊലീസുകാരെ ആദരിച്ചു. സിറ്റി പൊലീസ്‌ കമീഷണർ രാജ്‌പാൽ മീണ അധ്യക്ഷനായി. അസി. പൊലീസ്‌ കമീഷണർ എ ഉമേഷ്‌, എ എസ്‌ സന്തോഷ്‌ (കെപിഒഎ), എ അൻജിത്‌ (കെപിഎ) എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി പൊലീസ്‌ കമീഷണർ കെ ഇ ബൈജു സ്വാഗതവും വനിതാസെൽ ഇൻസ്‌പെക്ടർ ഉഷ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top