04 December Monday

കൊയിലാണ്ടിക്ക്‌ ഓർമയുടെ ‘മേള’

എ സജീവ് കുമാർUpdated: Monday Sep 25, 2023

കെ ജി ജോർജ് കൊയിലാണ്ടി ദ്വാരക തിയറ്ററിൽ ‘സ്വപ്‌നാടനം’ സിനിമ 
കാണുന്നു (ഫയൽചിത്രം)

കൊയിലാണ്ടി
വിപ്ലവകരമായ ചലച്ചിത്ര സൃഷ്‌ടികളിലൂടെ സിനിമാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച കെ ജി ജോർജ്‌ കാല‘യവനിക’യ്‌ക്കുള്ളിൽ മറയുമ്പോൾ കൊയിലാണ്ടിയുടെ മനസ്സിലുമുണ്ട്‌ മായാത്ത ഒരുപിടി ഓർമകൾ. ‘മേള’ സിനിമയൊരുക്കിയ സംവിധായകൻ കൊയിലാണ്ടിയിലെ ചലച്ചിത്ര മേളയിൽ പങ്കെടുത്തതാണ്‌ ഇവിടത്തുകാരുടെ മധുരസ്‌മരണകളിലൊന്ന്‌. ‘സ്വപ്‌നാടനം’ റിലീസ്‌ ചെയ്‌ത്‌ 38 വർഷങ്ങൾക്കുശേഷം ഇതേ സിനിമ കാണാനാണ്‌ കെ ജി ജോർജ്‌ ദ്വാരക തിയറ്ററിലെത്തിയത്‌. 2014 മാർച്ച് ആറിന് കൊയിലാണ്ടിയിൽ നടന്ന മലബാർ മൂവി ഫെസ്റ്റിവലിൽ തനിക്ക് ലഭിച്ച പുരസ്‌കാരം ഏറ്റുവാങ്ങാനാണ്‌ അദ്ദേഹം എത്തിയത്‌. തിരക്കഥാകൃത്ത് ജോൺ പോൾ അടക്കമുള്ള നിരവധി പേർ അന്ന്‌ മേളയിൽ ഒപ്പമുണ്ടായിരുന്നു. 
1975ൽ ചിത്രീകരിച്ച് 1976-ൽ റിലീസായ ഇദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘സ്വപ്നാടനം’ ദേശീയ, സംസ്ഥാന അവാർഡുകളും പ്രത്യേക ഫീച്ചർ ഫിലിമിനുള്ള അവാർഡും കരസ്ഥമാക്കിയിരുന്നു. റാണി ചന്ദ്രയും സോമനും മല്ലികയും ടി ആർ ഓമനയും പി കെ വേണുക്കുട്ടൻ നായരുമെല്ലാം അഭിനയിച്ചതാണ് ഈ ബ്ലാക്ക് ആൻഡ്‌ വൈറ്റ് ചിത്രം. 1975-ലെ അനുഭവം ഇപ്പോഴും അതേപടി അനുഭവപ്പെടുന്നുണ്ടെന്ന് സിനിമ വീണ്ടും കണ്ടിറങ്ങിയ കെ ജി ജോർജ് അന്ന്‌ പറഞ്ഞിരുന്നു. 
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠനം കഴിഞ്ഞശേഷം സംവിധായകൻ രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുമ്പോഴാണ് തന്റെ ഇരുപത്തൊമ്പതാമത്തെ വയസ്സിൽ ‘സ്വപ്നാടനം’ സംവിധാനം ചെയ്യുന്നത്. മനഃശാസ്ത്ര വിശകലനം ആദ്യമായി മലയാളത്തിൽ കാട്ടിത്തന്ന സിനിമയെന്ന പ്രത്യേകതയും സ്വപ്നാടനത്തിനുണ്ട്. മലയാളത്തിലെ ഏറെ ശ്രദ്ധേയനായ സംവിധായകനാണെങ്കിലും സാധാരണക്കാരനെപ്പോലെയാണ്‌ മലബാർ മൂവി ഫെസ്റ്റിവലിൽ അദ്ദേഹം തങ്ങൾക്കൊപ്പം മുഴുവൻ സമയം ചെലവഴിച്ചതെന്ന്‌ മൂവി ഫെസ്റ്റിവലിന്റെ പ്രധാന സംഘാടകനായ ഹരികുമാർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top