18 December Thursday

ഓണാകുന്നു; ക്ലാസ്‌ റൂം പഠനം

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

നിപാ ബാധിച്ച്‌ ഒരാൾ മരിച്ച ആയഞ്ചേരി മംഗലാട്ടെ പറമ്പിൽ ഗവ. യുപി സ്‌കൂൾ ദിവസങ്ങൾക്കുശേഷം തുറക്കുന്നതിന്‌ മുന്നോടിയായി ശുചീകരണം നടത്തുന്നു. നേരത്തെ, ഈ സ്‌കൂളിലെ പരിപാടികളിൽ സജീവസാന്നിധ്യമായിരുന്നു മരിച്ച വ്യക്തി.

കോഴിക്കോട്‌
നിപാ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ ദിവസങ്ങളുടെ ഓൺലൈൻ പഠനത്തിനുശേഷം ജില്ലയിലെ വിദ്യാർഥികൾ വീണ്ടും ക്ലാസ്‌ മുറികളിലേക്ക്‌. നിയന്ത്രണ മേഖലയിൽ ഉൾപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കൾ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. നിയന്ത്രണ മേഖലയിലെ വിദ്യാലയങ്ങളും വിദ്യാർഥികളും ഓൺലൈൻ പഠനം തുടരും. ഇതിന്‌ ആവശ്യമായ സൗകര്യമൊരുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ എ ഗീത നിർദേശം നൽകി.
നിപാ ബാധയുടെ പശ്ചാത്തലത്തിൽ 14നാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച്‌ അധ്യയനം ഓൺലൈനാക്കിയത്‌. പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ്‌ തിങ്കൾ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത്‌. മാസ്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാകും വിദ്യാലയങ്ങൾ പ്രവർത്തിക്കുക. നിപാ രോഗബാധ റിപ്പോർട്ട്‌ ചെയ്‌ത വടകര താലൂക്കിലെ ഒൻപത്‌ പഞ്ചായത്തിലെ 58 വാർഡുകളിലെയും നിയന്ത്രണം വ്യാഴാഴ്‌ച നീക്കിയിരുന്നു. നിലവിൽ കോർപറേഷൻ പരിധിയിലെ ഏഴ്‌ വാർഡുകളിലും ഫറോക്ക്‌ നഗരസഭയിലുമാണ്‌ നിയന്ത്രണമുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top