04 December Monday

ചേലാകാൻ ഒരുങ്ങി ചെങ്ങോട്ടുകാവ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023
കൊയിലാണ്ടി
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തോടെ ‘ചേലോടെ ചെങ്ങോട്ടുകാവ്’ പദ്ധതി ലക്ഷ്യം നേടുന്നതിനുള്ള കർമപദ്ധതിക്ക്‌ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനമായി. ഒക്ടോബർ രണ്ടിന് എല്ലാ വാർഡുകളിലും വിപുലമായ ശുചീകരണം നടക്കും. പാതയോരങ്ങളിലും സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ശുചീകരണം നടക്കും. ഇതിനുമുമ്പ്‌ പഞ്ചായത്ത്, വാർഡ് തലങ്ങളിൽ സംഘാടകസമിതികൾ ചേരും. വിപുലമായ പ്രചാരണവും സംഘടിപ്പിക്കും. 
ജലാശയങ്ങൾ ശുചീകരിക്കുകയും മാലിന്യക്കൂനകൾ നീക്കുകയും ചെയ്യും. അജൈവ മാലിന്യ ശേഖരണം ഹരിത കർമസേന മുഖേന 100 ശതമാനം ലക്ഷ്യം കൈവരിക്കും. സ്മാർട്ട് ഗാർബേജ് ആപ് നിലവിൽ വരും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പഞ്ചായത്തിന്റെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഹരിത ഗ്രാമസഭകൾ നവംബറിലും ചേരും. സ്കൂൾതല പരിശോധന നടത്തി ശുചീകരണ ഗ്രേഡിങ് നൽകും. വാർഡുകളിൽ കൂടുതൽ മിനി എംസിഎഫുകളും പ്ലാസ്റ്റിക് ശേഖരണ ബൂത്തുകളും സ്ഥാപിക്കും. 
സ്പോൺസർമാരെ കണ്ടെത്തി പ്രധാന സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കും. ഇറച്ചിക്കടകൾ കോഴിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് അംഗീകൃത ഏജൻസികൾക്ക് നൽകുന്നുവെന്ന് ഉറപ്പാക്കും. അല്ലാത്തവ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്നവരുടെ വിവരം നൽകുന്നവർക്ക് പരിതോഷികം നൽകും. തീരദേശ ശുചീകരണം സന്നദ്ധ പ്രവർത്തകർ മുഖേന ഏറ്റെടുക്കും. മികച്ച രീതിയിൽ ശുചീകരണം നടത്തുന്ന വാർഡിനെ തെരെഞ്ഞെടുത്ത് പ്രഖ്യാപിക്കും. 
പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ, പി വേണു, കെ ടി എം കോയ, ബേബി സുന്ദർരാജ്, ബിന്ദു മുതിരക്കണ്ടത്തിൽ, ഗീത കാരോൽ, ഇ കെ ജുബീഷ്, അബ്ദുൾ ഷുക്കുർ, രമേശൻ കിഴക്കയിൽ, എൻ പ്രദീപൻ, ഹരി, പി ബി ജെൻസി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top