മുക്കം
ടൂറിസം മാപ്പുകളിൽ മലബാറിനെ രേഖപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മലബാർ ടൂറിസം കൗൺസിലും ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റിയും ചേര്‍ന്ന് ടൂർ ഓപ്പറേറ്റർമാരുടെ സന്ദർശന പഠനയാത്ര ഒരുക്കി. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പ്രശസ്ത ടൂർ ഓപ്പറേറ്റർമാരെ മലബാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ടൂറിസം സാധ്യത പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എംടിസി പ്രസിഡന്റ് സജീർ പടിക്കൽ പറഞ്ഞു.
മലയോരത്തെത്തിയ സംഘം രണ്ടുദിവസങ്ങളിലായി തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളിലും ഫാമുകളിലും റിസോർട്ടുകളിലും സന്ദർശനം നടത്തി.
പന്ത്രണ്ടംഗ ടീമിനെ ഇരവഞ്ഞിവാലി ടൂറിസം ഫാർമർ സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ, എംടിസി വൈസ് പ്രസിഡന്റ് പ്രിൻസ് സാം വിൽസൻ, പൂവാറൻതോട് റിസോർട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ എം മോഹനൻ, ജോബി പെരുങ്കാനായിൽ, കോടഞ്ചേരി ഫാം ടൂറിസ സൊസൈറ്റി സെക്രട്ടറി ഷിബു പുത്തൻപുരയിൽ തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിച്ചു.
പൂവാറൻതോട്, കക്കാടംപൊയിൽ, ആനക്കാംപൊയിൽ, തുഷാരഗിരി എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിതയും തിരുവമ്പാടിയിലെ ഫാം ടൂറിസം കേന്ദ്രങ്ങളും റിസോർട്ടുകളുമാണ് സംഘം സന്ദർശിച്ചത്. മലയോരത്തെ സന്ദർശനത്തിനുശേഷം സംഘം വയനാട്ടിലേക്ക് തിരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..