29 March Friday

ആ വെളിച്ചത്തിന്‌ 75

സി പ്രജോഷ്‌ കുമാർUpdated: Sunday Sep 25, 2022

ഫാറൂഖ്‌ കോളേജ്‌ അക്കാദമിക്‌ ബ്ലോക്ക്‌

കോഴിക്കോട്‌
ഇരുട്ടു നറഞ്ഞ വഴികളിൽ അറിവിന്റെ വെളിച്ചം പകർന്ന ഫാറൂഖ്‌ കോളേജ്‌ പ്ലാറ്റിനം ജൂബിലി നിറവിൽ.  75–-ാം വാർഷികം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കോളേജ്‌ അധികൃതരും വിദ്യാർഥികളും പൂർവ വിദ്യാർഥി കൂട്ടായ്‌മകളും. 
അലിഗർ മുസ്ലിം സർവകലാശാല മാതൃകയിൽ കേരളത്തിൽ കോളേജ്‌ സ്ഥാപിക്കുക എന്നത്‌ കേരളീയ മുസ്ലിം നവോത്ഥാന നേതാക്കളുടെ അഭിലാഷമായിരുന്നു. 1923ൽ മുസ്ലിം നവോത്ഥാന പ്രസ്ഥാനമായ കേരള മുസ്ലിം ഐക്യ സംഘം അതിനായി കമ്മിറ്റിയുണ്ടാക്കി.  എന്നാൽ, ആ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടില്ല. 
ഈ സമയത്താണ്‌ വിദേശത്ത്‌ ഉന്നത പഠനം പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തിയ മൗലാന അബുസബാഹ്‌ അഹമ്മദ്‌ അലി മലപ്പുറം ആനക്കയത്ത്‌ അറബിക്‌ കോളേജ്‌ ആരംഭിച്ചത്‌. പിന്നീട്‌ ഇത്‌ മഞ്ചേരിയിലേക്ക്‌ മാറ്റി. റൗസത്തുൽ ഉലൂം അസോസിയേഷൻ രൂപീകരിച്ച്‌  ഫറോക്ക്‌ പേട്ടയിൽ സ്വകാര്യ കെട്ടടിത്തിൽ അറബിക്‌ കോളേജ്‌ തുടങ്ങി. പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി ഇരുമൂളിപ്പറമ്പിലെ  28 ഏക്കർ സ്ഥലം കോളേജ്‌ ആരംഭിക്കാൻ സൗജന്യമായി നൽകി. ഇവിടെ കെട്ടിട നിർമാണം തുടങ്ങി. അറബിക്‌ കോളേജ്‌ ഇവിടേക്കു മാറ്റി. ഇതിനിടെ റഗുലർ കോളേജ്‌ എന്ന ആശയമുദിച്ചു. അസോസിഷേൻ നൽകിയ അപേക്ഷ പരിഗണിച്ച്‌ യൂണിവേഴ്സിറ്റി കമീഷൻ സ്ഥലം സന്ദർശിച്ച്‌ താൽക്കാലിക അഫിലിയേഷൻ നൽകി. റൗസത്തുൽ ഉലൂം ഒന്നാം ഗ്രേഡ്‌ കോളേജ്‌ എന്നായിരുന്നു പേര്‌. 1948 ജൂൺ 12ന്‌  ചേർന്ന അസോസിയേഷൻ യോഗം  ഫാറൂഖ്‌ കോളേജ്‌ എന്ന്‌ നാമകരണം ചെയ്‌തു.  അറബിക്‌ കോളേജിന്റെ 17 ഏക്കർ സ്ഥലം ഫാറൂഖ്‌ കോളേജിന്‌ നൽകി. വിവിധ വ്യക്തികൾ പിന്നീട്‌ സ്ഥലം വിട്ടു നൽകി.
ഫറോക്ക്‌ ചുങ്കത്തിനടുത്തുള്ള മൂന്നിലകം വീട്ടിലാണ്‌  കോളേജ്‌ പ്രവർത്തനം തുടങ്ങിയത്‌. കോളേജ്‌ കെട്ടിടത്തിന്റെ ഏതാനും മുറികൾ നിർമാണം പൂർത്തിയായപ്പോൾ കോളേജ്‌ അവിടേക്ക്‌ മാറ്റി.  1948 സെപ്‌തംബർ 15ന്‌ കോളേജ്‌ അധ്യയനം തുടങ്ങി. ഇന്റർ മീഡിയറ്റിന്‌ 28ഉം ബിഎക്ക്‌ നാലും  കുട്ടികളും ഏഴ്‌ അധ്യാപകരുമായി തുടക്കം. 75 വർഷങ്ങൾക്കിപ്പുറം  നാടിനാകെ വെളിച്ചമായി ഈ കലാലയം ഉയർന്നു നിൽക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top