29 March Friday

ഭാർഗവീനിലയംപോലെ എക്‌സ്‌ചേഞ്ചുകൾ ഇങ്ങനെ കൊല്ലണോ?

സ്വന്തം ലേഖകൻUpdated: Saturday Jun 25, 2022

മലാപ്പറമ്പിലെ ബിഎസ്‌എൻഎൽ എക്‌സ്‌ചേഞ്ച്‌ കെട്ടിടം

കോഴിക്കോട്‌

ഏതോ കാലത്ത്‌ ആളുകൾ പലായനംചെയ്‌തുപോയ യുദ്ധഭൂമിയിലെ നിർമിതികളെ ഓർമിപ്പിക്കുന്നുണ്ട്‌ ടെലഫോൺ എക്‌സ്‌ചേഞ്ചുകൾ. കേരളത്തിന്റെ വാർത്താവിനിമയ സംവിധാനങ്ങളെ നിയന്ത്രിച്ചിരുന്ന ബിഎസ്‌എൻഎൽ എക്‌സ്‌ചേഞ്ചുകളിൽ ആളും ആരവവും ഒഴിഞ്ഞിട്ട്‌ വർഷങ്ങളായി. സ്വകാര്യവൽക്കരണവും കരാർവൽക്കരണവും നയമായതോടെ  കാടുകയറിയും ഇടിഞ്ഞുപൊളിഞ്ഞും നശിക്കുകയാണ്‌ ഇവ. കേരളത്തിലെ 1300 എക്‌സ്‌ചേഞ്ചുകളിൽ പത്തുശതമാനത്തിലാണ്‌ ഒരു ജീവനക്കാരനെങ്കിലും ശേഷിക്കുന്നത്‌. കോഴിക്കോട്‌ എസ്‌എസ്‌എയിലെ 132 എക്‌സ്‌ചേഞ്ചുകളിൽ 92 ഓഫീസുകളിലും ഒറ്റ ജീവനക്കാരനില്ല. ആറിടങ്ങളിൽ ഒരാൾ മാത്രം. ശേഷിച്ചവയിൽ മാത്രമാണ്‌ പേരിനെങ്കിലും ഓഫീസ്‌ പ്രവർത്തനം. 
2020 ജനുവരിയിൽ സ്വയംവിരമിക്കൽ നടപ്പാക്കിയതോടെയാണ്‌ എക്‌സ്‌ചേഞ്ചുകൾ ഭാർഗവീനിലയങ്ങളായത്‌. നേരത്തേ ആയിരം ലൈനുകളുള്ള എക്‌സ്‌ചേഞ്ചുകളിൽ ജെടിഒ, ജൂനിയർ എൻജിനിയർ, ലൈൻമാൻ, വർക്കർ എന്നിങ്ങനെ കുറഞ്ഞത്‌ 12 ജീവനക്കാരുണ്ടായിരുന്നു. സേവനങ്ങളെല്ലാം ഫ്രാഞ്ചൈസികൾക്ക്‌ കൈമാറിയതോടെ ജനകീയ മുഖമില്ലാതായി. ബില്ലുകളുടെ വിതരണവും സ്വീകരിക്കലും മാത്രമായി പ്രവർത്തനം. 
കാടുമൂടിയ 
കെട്ടിടങ്ങൾ
കാടുമൂടിയ കെട്ടിടങ്ങളാണ്‌ പല എക്‌സ്‌ചേഞ്ചുകളും. കോടികളുടെ സ്വത്തും കെട്ടിടവും യന്ത്രസംവിധാനങ്ങളും അന്യാധീനപ്പെട്ടു. നല്ലളത്ത്‌ ബിഎസ്‌എൻഎൽ ക്വാർട്ടേഴ്‌സിന്റെ കട്ടിലയും വാതിലുകളും ഉൾപ്പെടെ കടത്തി. മലാപ്പറമ്പിൽ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളും സർവീസ്‌ സെന്ററുകളും ഉൾപ്പെടെ നശിക്കുന്നു. നൂറിലധികം ക്വാർട്ടേഴ്‌സുകളിൽ  വാടകയ്‌ക്ക്‌ നൽകിയവ മാത്രമാണ്‌ താമസയോഗ്യമായി ശേഷിക്കുന്നത്‌. കോഴിക്കോട്‌ മൂന്ന്‌ എക്‌സ്‌ചേഞ്ചുകളിൽ മാത്രമാണ്‌ മുഴുവൻ സമയ സെക്യൂരിറ്റിക്കാരുള്ളത്‌.  
ലാൻഡ്‌ ലൈനുകൾ പാതിയായി
കേരളത്തിൽ 15 ലക്ഷമുണ്ടായിരുന്ന ലാൻഡ്‌ലൈനുകളിൽ ഒമ്പത്‌ ലക്ഷത്തോളം സേവനം മോശമായതോടെ ഉപേക്ഷിക്കപ്പെട്ടു. ലൈനിലെ അറ്റകുറ്റപ്പണി, കേബിൾ തകരാർ പരിഹരിക്കൽ തുടങ്ങി എല്ലാം കരാറുകാർക്കാണ്‌. ലൈനുകളുടെ എണ്ണത്തിന്‌ ആനുപാതികമായ തുകയ്‌ക്കാണ്‌ പുറംകരാർ. ഒപ്‌റ്റിക്കൽ ഫൈബർ കണക്‌ഷനുകളുടെ വരുമാനത്തിന്റെ പാതിയാണ്‌ പുറംകരാറുകാർക്ക്‌. 
കരാർവൽക്കരണം ബിഎസ്‌എൻഎല്ലിന്റെ സേവനമുഖമടക്കം ഇല്ലാതാക്കിയെന്ന്‌ ബിഎസ്‌എൻഎൽഇയു സംസ്ഥാന സെക്രട്ടറി എം വിജയകുമാർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top