20 April Saturday

ലഹരി തോറ്റു, ജീവിതം ജയിച്ചു

സ്വന്തം ലേഖകൻUpdated: Saturday Jun 25, 2022

‘പുതുലഹരിക്ക് ഒരു വോട്ട്’ പരിപാടിയുടെ ഭാഗമായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന വോട്ടെടുപ്പിൽ നിന്ന്

കോഴിക്കോട്‌
പോരാട്ടം കനത്തതായിരുന്നു. കലയും സാഹിത്യവും കായികവും ഭക്ഷണവും സൗഹൃദവുമൊക്കെ സ്ഥാനാർഥികൾ. ഒടുവിൽ ജീവിതമാണ്‌ ലഹരിയെന്ന്‌ ജില്ലയിലെ ക്യാമ്പസുകൾ വിധിയെഴുതി. മയക്കുമരുന്ന്‌ ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ തോൽവി സമ്മതിച്ചു. വർധിക്കുന്ന ലഹരി ഉപഭോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രം നടപ്പാക്കിയ  ‘പുതുലഹരിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ്‌ ക്യാമ്പസുകളിൽ ‘പുതുലഹരിക്ക് ഒരു വോട്ട്’ നടത്തിയത്‌. ജില്ലാതല ഉദ്‌ഘാടനം കോഴിക്കോട് ഹോളിക്രോസ്‌ കോളേജിൽ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു.
ജില്ലയിലെ മുഴുവൻ സർക്കാർ, അർധ സർക്കാർ, സ്വാശ്രയ കോളേജുകളിലും വൊട്ടെടുപ്പ് നടന്നു. ഒരുലക്ഷം കോളേജ് വിദ്യാർഥികൾ പദ്ധതിയുടെ ഭാഗമായി. 
ബാലറ്റ്‌ പേപ്പർ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്‌. കലാ സാംസ്‌കാരികം, കായികം, ഭക്ഷണം, യാത്ര, ലഹരി പദാർഥങ്ങൾ, വായന, സാമൂഹിക സേവനം, സിനിമ, സൗഹൃദം എന്നിവയായിരുന്നു സ്ഥാനാർഥികൾ. ഒപ്പം നോട്ടയും. പ്രിസൈഡിങ് ഓഫീസറും പോളിങ് ഓഫീസറുമെല്ലാം വിദ്യാർഥികൾ.  വോട്ടെടുപ്പ്‌ ഉച്ചയോടെ അവസാനിച്ചു. വൈകിട്ട്‌ കോളേജ്‌ അധികൃതരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു. 
‘പുതുലഹരിയിലേക്ക്’ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 27ന്‌ വെള്ളയിൽ സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top