26 April Friday
മൂടാടിയിലെ സ്‌ത്രീകൾ

നിർമിക്കും, നന്നാക്കും 
തെരുവുവിളക്കുകൾ

സ്വന്തം ലേഖകൻUpdated: Saturday Mar 25, 2023

തെരുവുവിളക്കുകളുടെ നിർമാണത്തിലും പരിപാലനത്തിലും പരിശീലനം നേടിയ മൂടാടി പഞ്ചായത്തിലെ 
വനിതകൾക്ക്‌ പ്രസിഡന്റ്‌ സി കെ ശ്രീകുമാർ സർട്ടിഫിക്കറ്റ്‌ കൈമാറുന്നു

കോഴിക്കോട്‌ 
ഒരു തൊഴിലിടത്തിൽനിന്നും സംരംഭകത്വത്തിൽനിന്നും മാറ്റിനിർത്തപ്പെടേണ്ടവരല്ല സ്‌ത്രീകളെന്ന്‌ ലോകത്തിന്‌ കാട്ടിക്കൊടുക്കുകയാണ്‌ മൂടാടിക്കാർ. തദ്ദേശ സ്ഥാപനങ്ങളുടെ എക്കാലത്തെയും ‘തലവേദന’യായ തെരുവുവിളക്കുകളുടെ പരിപാലനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്‌ ഈ ദേശത്തെ വനിതകൾ. പരിപാലനം മാത്രമല്ല, പഞ്ചായത്തിലെ എൽഇഡി തെരുവുവിളക്കുകൾ ഇവർതന്നെ നിർമിക്കും. ‘നിലാവ്‌’ പദ്ധതിപ്രകാരം സ്ഥാപിച്ചവ ഉൾപ്പെടെ ആയിരത്തി അഞ്ഞൂറിലധികം എൽഇഡി വിളക്കുകളുടെ അറ്റകുറ്റപ്പണി പരിശീലനം നേടിയ 27 പേരടങ്ങിയ വനിതകളുടെ സംഘം ഏറ്റെടുക്കും. ഇരുപത്‌ നാൾ നീണ്ട പരിശീലനം നേടിയാണ്‌ ഇവരുടെ രംഗപ്രവേശം. പെരുവണ്ണാമുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. ജോൺസന്റെ നേതൃത്വത്തിലുള്ള എം ഡിജിറ്റൽ കമ്പനിയാണ്‌ പരിശീലിപ്പിച്ചത്‌. കേടായ ബൾബുകൾ പോസ്‌റ്റിൽനിന്ന്‌ ഊരിയെടുക്കാനുള്ള പരിശീലനവും ഉടൻ നൽകും. കുടുംബശ്രീ ജില്ലാ മിഷൻ എല്ലാ സഹായവും നൽകുന്നു.
തെരുവുവിളക്ക്‌ പരിപാലനം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പുലിവാലാണ്‌. ടെൻഡറില്ലാതെ അക്രഡിറ്റഡ്‌ ഏജൻസിക്ക്‌ മാത്രമേ കരാർ ഏൽപ്പിക്കാനാവൂ. കെൽട്രോൺ ഉൾപ്പെടെയുള്ള വിരലിലെണ്ണാവുന്ന ഏജൻസികൾ മാത്രമാണ്‌ ഈ പട്ടികയിൽ. സ്വകാര്യ കമ്പനികൾക്ക്‌ കരാർ കൈമാറിയാൽ ടെൻഡർ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ്‌ നന്നാക്കാൻ ആളെത്താൻ മാസങ്ങൾവേണം. ഇതിനൊക്കെ ഒറ്റയടിക്ക്‌ പരിഹാരം കാണാനാണ്‌ പഞ്ചായത്തിന്റെ ശ്രമമെന്ന്‌ പ്രസിഡന്റ്‌ സി കെ ശ്രീകുമാർ പറയുന്നു. ഈ യൂണിറ്റിനെ അക്രഡിറ്റഡ്‌ ഏജൻസിയായി അംഗീകരിക്കണമെന്ന്‌ തദ്ദേശ വകുപ്പിനോട്‌ അഭ്യർഥിച്ചിട്ടുണ്ട്‌. അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ ഇതര പഞ്ചായത്തുകൾക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്താനാവും. 
കഴിഞ്ഞ വർഷം പരിശീലനം നേടിയവർ ചേർന്ന്‌ പാലക്കുളത്ത്‌ എൽഇഡി ബൾബ് യൂണിറ്റ് ആരംഭിച്ചിരുന്നു. മൂൺലൈറ്റ്‌ എന്ന ബ്രാൻഡ്‌ നെയിമിലാണ്‌ വിപണനം. ബൾബുകൾ നന്നാക്കാനും ഇവിടെ ആളുകൾ എത്തുന്നു. 
പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ്‌ സി കെ ശ്രീകുമാർ കൈമാറി. ക്ഷേമസമിതി അധ്യക്ഷ എം പി അഖില, വികസന സമിതി അധ്യക്ഷൻ എം കെ മോഹൻ, റഫീഖ് പുത്തലത്ത്, സെക്രട്ടറി എം ഗിരീഷ്, അസി. സെക്രട്ടറി ടി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top