20 April Saturday

കോൺഗ്രസുകാരെ കേഡറാക്കാൻ 
ഗവ. ജീവനക്കാരും അധ്യാപകരും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

 കോഴിക്കോട്‌ 

കോൺഗ്രസുകാരെ കേഡറാക്കാൻ ക്ലാസെടുക്കാനും പഠിപ്പിക്കാനും സർക്കാർ ജീവനക്കാരും അധ്യാപകരും. കെപിസിസി  നേതൃത്വത്തിലുള്ള കേഡർ പരിശീലനത്തിലാണ്‌ ഗവ. അധ്യാപകരും ജീവനക്കാരും ചുമതലക്കാരായി വിലസുന്നത്‌. നെയ്യാർ ഡാമിലെ ആദ്യ പരിശീലനം മുതൽ  നിർണായക ചുമതലവഹിക്കുന്നതിൽ ഈ വിഭാഗത്തിലുള്ളവരുണ്ട്‌.  കവിയും സംഗീതകാരനുമായി അറിയപ്പെടുന്ന കോഴിക്കോട്‌ ജില്ലയിലെ ഗവ. പ്രൈമറി സ്‌കൂൾ അധ്യാപകൻ മാസങ്ങളായി കേഡർമാരെയുണ്ടാക്കാനുള്ള പരിശീലനക്കളരികളിലാണ്‌. കെപിസിസി ക്യാമ്പിന്‌ ശേഷം ജില്ല–ബ്ലോക്ക്‌ ക്ലാസുകളിലും ഇദ്ദേഹം പ്രധാന അധ്യാപകനായിരുന്നു. സ്‌കൂളിൽ പോകാതെയാണ്‌ കോൺഗ്രസ്‌ നന്നാക്കാനുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനമെന്ന്‌ ആക്ഷേപമുണ്ട്‌.  
     കെപിസിസി യൂണിറ്റ്‌തലംവരെ ക്ലാസെടുക്കാൻ തയ്യാറാക്കിയ സിലബസ്‌, ചരിത്ര നിർമാണത്തിലെ പ്രധാനി  താനാണെന്ന്‌ ഇദ്ദേഹം മാധ്യമങ്ങളോടടക്കം സൂചിപ്പിച്ചിട്ടുണ്ട്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ഇഷ്‌ടക്കാരനെന്നതാണ്‌  കോൺഗ്രസ്‌ ചരിത്രവും പാഠാവലിയും നിശ്ചയിക്കാനുള്ള അധ്യാപകന്റെ യോഗ്യത.  ഗസറ്റഡ്‌ ജീവനക്കാരടക്കം നാല്‌ സർക്കാർ ഉദ്യോഗസ്ഥരും പരിശീലകരായി ജില്ലകളിൽ എത്തുന്നവരിലുണ്ട്‌. മുതിർന്ന നേതാക്കളടക്കം ഈ ശൈലി ചോദ്യംചെയ്‌തിരുന്നു. എല്ലാ ജില്ലകളിലും പ്രധാന റോൾ നൽകുന്നതിലായിരുന്നു വിമർശം. നേതാക്കളെ അകറ്റി പുറത്തുള്ളവരെ പരിശീലകരാക്കുന്നതിൽ കെപിസിസി ഭാരവാഹികളിൽ ചിലർക്കും അതൃപ്‌തിയുണ്ട്‌.   
    എന്നാൽ സുധാകരന്റെ പ്രീതിയുള്ളതിനാൽ സിയുസി, സിലബസ്‌ എന്നിവയിലെല്ലാം ഇവരുടെ ഹിതമാണ്‌ നടപ്പായതത്രെ.   സിവിൽ സർവീസ്‌ ചട്ടങ്ങളും അച്ചടക്കവും ലംഘിച്ചുള്ള കക്ഷിരാഷ്‌ട്രീയ പ്രവർത്തനം ചൂണ്ടിക്കാട്ടി ഒരുവിഭാഗം കോൺഗ്രസുകാർ  വിദ്യാഭ്യാസവകുപ്പ്‌ ഉന്നതർക്കും മറ്റും  പരാതിനൽകാനുള്ള ഒരുക്കത്തിലാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top