26 April Friday
ഇന്ന്‌ കോഴിക്കോട്ട്‌

മദ്രസാധ്യാപകരെ ക്ഷേമനിധിയിൽ ചേർക്കാൻ
വിപുല ക്യാമ്പയിൻ

സ്വന്തം ലേഖകൻUpdated: Thursday Nov 24, 2022
 
കോഴിക്കോട്‌
മുഴുവൻ മദ്രസാധ്യാപകരെയും പെൻഷൻ പദ്ധതിയിൽ പങ്കാളിയാക്കാൻ ലക്ഷ്യമിട്ട്‌ വിപുലമായ ക്യാമ്പയിനുമായി മദ്രസാധ്യാപക ക്ഷേമനിധി ബോർഡ്‌. 2010ൽ തുടങ്ങിയ പദ്ധതിയിൽ രണ്ടുലക്ഷത്തോളം വരുന്ന മദ്രസാധ്യാപകരിൽ 27,000 പേർ മാത്രമാണ്‌ അംഗങ്ങളായത്‌. ഇത്‌ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ്‌ പ്രത്യേക ക്യാമ്പയിൻ. കണ്ണൂർ, കാസർകോട്‌, വയനാട്‌, മലപ്പുറം ജില്ലകളിൽ ഇതിനകം പൂർത്തിയായി.  കോഴിക്കോടിന്റേത്‌ വ്യാഴാഴ്‌ച കലിക്കറ്റ്‌ ടവറിൽ പകൽ 11നാണ്‌ ക്യാമ്പ്‌. ജില്ലയിലെ വിവിധ മദ്രസാ ബോർഡുകളുടെ ജില്ലാ, റെയ്‌ഞ്ച്‌ ഭാരവാഹികളാണ്‌ പങ്കെടുക്കുക. മറ്റു ജില്ലകളിൽ വരും ദിവസങ്ങളിൽ ക്യാമ്പ്‌ നടക്കും. 
സച്ചാർ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്‌ മുൻ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 2008ൽ അന്നത്തെ വി എസ്‌ അച്യുതാനന്ദൻ സർക്കാർ മദ്രസാധ്യാപകർക്ക്‌ ക്ഷേമനിധി നടപ്പാക്കാൻ തീരുമാനിച്ചത്‌. 2010 മെയ് 31ന്‌ ക്ഷേമനിധി തുടങ്ങി. എന്നാൽ, അനാവശ്യ വിവാദമുയർത്തി പദ്ധതിയെ തളർത്തി. ഇതോടെ മദ്രസാധ്യാപകർ അംഗങ്ങളാവാൻ വിമുഖത കാട്ടി.  ഇത്‌ പരിഹരിക്കുകയാണ്‌ ക്യാമ്പയിൻ ലക്ഷ്യം.
ആനുകൂല്യങ്ങൾ നിരവധി
1500 രൂപയാണ്‌ ചുരുങ്ങിയ പെൻഷൻ. സർവീസ്‌ കാലയളവനുസരിച്ച്‌  7500 രൂപവരെ ലഭിക്കും. വിവാഹ ധനസഹായം 25,000 രൂപ, ചികിത്സാസഹായം- 5000 മുതൽ 25,000 വരെ, എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ മക്കൾക്ക്‌ 2000 രൂപ മെറിറ്റ്‌ അവാർഡ്‌,  മദ്രസാധ്യാപികമാർക്ക്‌ 15,000 രൂപ പ്രസവാനുകൂല്യം, മരണാനന്തര സഹായം 10,000 മുതൽ 50,000 വരെ, മരണാനന്തര ചടങ്ങിന്‌ അംഗങ്ങൾക്ക്‌ 5000 രൂപയും പെൻഷൻകാർക്ക്‌ 3000 രൂപയും  ഭവന നിർമാണത്തിന്‌ രണ്ടര ലക്ഷം രൂപ പലിശരഹിത വായ്‌പ, പ്രൊഫഷണൽ കോളേജിൽ പഠിക്കുന്നവർക്ക്‌ ഗവ. ഫീസിന് തുല്യമായ തുക സ്കോളർഷിപ്പ്‌, അവശതാ പെൻഷൻ പ്രതിമാസം 1000 രൂപ, കുടുംബ പെൻഷൻ എന്നിവ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top