25 April Thursday

തക്കാളിക്ക്‌ 
സെഞ്ച്വറിയുടെ ചവർപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

കോഴിക്കോട് പാളയത്തെ പച്ചക്കറി വില്പന

സ്വന്തം ലേഖകന്‍
കോഴിക്കോട്‌
സെഞ്ച്വറിത്തിളക്കമല്ല, ചവർപ്പാണ്‌ തക്കാളിക്ക്‌. കിലോയ്‌ക്ക്‌ നൂറ്‌ തികഞ്ഞതോടെ കറിക്കിത്തിരി പുളി കുറയുമെന്ന അവസ്ഥയിലാണ്‌ അടുക്കളകൾ. ഒരാഴ്‌ച‌ക്കിടെയാണ്‌ തക്കാളിയുടെ വില ഇരട്ടിയായത്‌. വെണ്ടയും പയറും വിലയിൽ നൂറടിച്ച്‌ നിൽക്കുകയാണ്‌. വില കുതിച്ചുയർന്നതോടെ കച്ചവടവും കാര്യമായി കുറഞ്ഞു.
പാളയം മാർക്കറ്റിൽ മൊത്തവിപണിയിൽ തക്കാളിക്ക്‌ 90 രൂപയാണ്‌ വില. ചെറുകിട കച്ചവടക്കാരുടെയടുത്ത്‌ എത്തുമ്പോഴേ‌ക്കും നൂറാകും. തമിഴ്‌നാട്ടിൽനിന്നും‌ കർണാടകയിൽനിന്നുമാണ്‌ പച്ചക്കറി കേരളത്തിലേക്ക്‌ കൂടുതലെത്തുന്നത്‌. അപ്രതീക്ഷിതമായി അവിടെയുണ്ടായ കനത്ത മഴയാണ്‌ വിലക്കയറ്റത്തിന്‌ കാരണമെന്ന്‌ കച്ചവടക്കാർ പറയുന്നു. കോവിഡ്‌ പ്രതിസന്ധിയിൽനിന്ന്‌ കരകയറുന്നതിനിടെയുണ്ടായ വിലക്കയറ്റം പൊതുജനങ്ങളെയും കച്ചവടക്കാരെയും ഒരുപോലെയാണ്‌ ബാധിച്ചിരിക്കുന്നത്‌. രണ്ട്‌ ദിവസത്തേ‌ക്കുള്ള പച്ചക്കറിപോലും നൂറ്‌ രൂപ‌ക്ക്‌ കിട്ടുന്നില്ലെന്നാണ്‌ ജനങ്ങളുടെ പരാതി. ഹോട്ടലുകളെയും വിലക്കയറ്റം  ബാധിച്ചിട്ടുണ്ട്‌. പേരിന്‌ മാത്രം തക്കാളി ചേർക്കേണ്ട അവസ്ഥയാണെന്ന്‌ ഹോട്ടലുടമകളും പറയുന്നു.
60 രൂപ വരെയുണ്ടായിരുന്ന ക്യാപ്‌സിക്കത്തിന്‌ ഇപ്പോൾ 120 രൂപയായി. സീസണടുത്തതോടെ വന്നുതുടങ്ങിയ പച്ചമാങ്ങ‌ക്കും ചെറുതല്ല വില. 80 മുതൽ 100 വരെയാണ്‌ പച്ചമാങ്ങയുടെ‌  വില. മണ്ഡലകാലമായതിനാൽ പച്ചക്കറിക്ക്‌ ആവശ്യക്കാർ കൂടുതലാണ്‌. ഇവരെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതാണ്‌ അപ്രതീക്ഷിത വിലക്കയറ്റം. സീസൺ കഴിയുംവരെ വിലകുറയാനുള്ള സാധ്യത വിരളമാണെന്നാണ്‌ കച്ചവടക്കാർ പറയുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top