25 April Thursday

നിയമവിരുദ്ധ മീൻപിടിത്തം: 
രണ്ടു വള്ളം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

ബേപ്പൂർ തീരദേശ പൊലീസിന്റെ പിടിയിലായ ഫൈബർ വള്ളങ്ങൾ

ബേപ്പൂർ
നിയമവിരുദ്ധ മീൻപിടിത്തത്തിനുള്ള ഉപകരണങ്ങളുമായി പുറപ്പെട്ട രണ്ട്‌ ഫൈബർ വള്ളം ബേപ്പൂർ തീരദേശ പൊലീസ് പിടികൂടി. 
ആഴക്കടലിൽ കൃത്രിമ പാര് വിതറിയുള്ള മീൻപിടിത്തത്തിനായി നൂറുകണക്കിന്  പ്ലാസ്റ്റിക് കുപ്പികൾ, തെങ്ങിൻ കുലച്ചിലുകൾ, മണൽ ചാക്കുകൾ തുടങ്ങിയവ കയറ്റി ബേപ്പൂരിൽനിന്ന്‌ പുറപ്പെട്ട മദീന, മിലൻ എന്നീ  ഫൈബർ വള്ളങ്ങളാണ് കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ എം  സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ്ങിനിടെ ശനിയാഴ്ച പുലർച്ചെ 2.25ന് പിടികൂടിയത്. കന്യാകുമാരി കുളച്ചൽ സ്വദേശികളായ തൊഴിലാളികളാണ് വള്ളങ്ങളിലുണ്ടായിരുന്നത്.
ബേപ്പൂർ സ്വദേശി ചെറുപുരക്കൽ ശിഹാബിന്റെ ഉടമസ്ഥതയിലുള്ള മദീന വള്ളത്തിൽ മാത്രം 400 പ്ലാസ്റ്റിക് കുപ്പികൾ, 150 തെങ്ങിൻ കുലച്ചിൽ, 15  മണൽ ചാക്കുകൾ  എന്നിവയുണ്ടായിരുന്നു. നെയ്തീം വീട്ടിൽ എൻ വി ഉമ്മറിന്റെ പേരിലുള്ള മിലൻ എന്ന വള്ളത്തിൽനിന്ന്‌ 55 മണൽ ചാക്കുകളും 300 പ്ലാസ്റ്റിക് കുപ്പികളും 200 കുലച്ചിലുകളുമാണ് കണ്ടെത്തിയത്. പുലർച്ചെ  തീരദേശ പൊലീസിന്റെ ചാലിയത്തെ ജെട്ടിയിലെത്തിച്ച രണ്ട്‌ വള്ളവും ഫിഷറീസ് അസി.ഡയറക്ടർക്ക്‌ അനന്തര നടപടികൾക്കായി കൈമാറി.
തീരദേശ പൊലീസ് അഡീ. സബ് ഇൻസ്പെക്ടർ വി കെ വിനോദ്, സിപിഒ വി അരുൺകുമാർ, ബോട്ട് ജീവനക്കാരായ ഇ സൈനുദ്ദീൻ, വി കെ സുമേഷ് എന്നിവരും പട്രോളിങ് സംഘത്തിലുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top