18 December Thursday
ചൂലൂർ പാലക്കാടിയിൽ പൊലീസ് പരിശോധന

കഞ്ചാവും ലഹരി ഉപയോഗിക്കുന്ന 
ഉപകരണങ്ങളും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

പൊലീസ് പിടികൂടിയ കഞ്ചാവും ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങളും

കുന്നമംഗലം
ചാത്തമംഗലം ചൂലൂർ പാലക്കാടിയിലെ തൗഫീഖ് മൻസിൽ വീട്ടിൽ പൊലീസ്‌ നടത്തിയ പരിശോധനയിൽ കഞ്ചാവും ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. 31.81 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് പൊതിയാനുള്ള പ്ലാസ്റ്റിക് പാക്കറ്റുകൾ, മയക്കുമരുന്ന് പുകയ്‌ക്കാനുള്ള ഉപകരണങ്ങൾ, ഗ്യാസ് ബർണർ, പെപ്പർ സ്‌പ്രേ എന്നിവയാണ്‌ പിടികൂടിയത്‌. ഈ വീട്ടിൽ വാടകയ്‌ക്ക്‌ താമസിച്ച പെരുവയൽ സ്വദേശി കയനൊടിപറമ്പ്‌ അർഷാദി (30)നെ കണ്ടെത്താൻ പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. 
ശനി രാവിലെ മാവൂർ, കുന്നമംഗലം പൊലീസ്‌ സംയുക്തമായാണ്‌ പരിശോധന നടത്തിയത്‌. പൊലീസ്‌ പരിശോധനയ്‌ക്ക്‌ എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ഉടമയെ വിളിച്ചുവരുത്തി വാതിൽ തുറപ്പിച്ചാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. വീടിന്റെ ജനലുകളെല്ലാം പേപ്പർ ഉപയോഗിച്ച് മറച്ചനിലയിലായിരുന്നു. അർഷാദ്‌ വാടകയ്‌ക്ക്‌ വീടെടുത്തിട്ട്‌ മാസങ്ങളേ ആയിട്ടുള്ളൂ. ഇയാൾ മൂന്നുദിവസമായി സ്ഥലത്തില്ലെന്നാണ് വിവരം. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ പേരിൽ  കേസുകളുണ്ട്. 
മാവൂർ സിഐ രാജേഷ്, കുന്നമംഗലം സിഐ യൂസഫ് നടത്തറമ്മൽ എന്നിവർ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി. മെഡിക്കൽ കോളേജ് കമീഷണർ കെ സുദർശനനും സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും  പരിശോധിച്ചു. സംസ്ഥാന വ്യാപകമായുള്ള നാർകോട്ടിക് പരിശോധനയുടെ ഭാഗമായായിരുന്നു പരിശോധന. പെരുവയൽ കായലം ഭാഗത്തും മാവൂർ പൊലീസ്‌ പരിശോധന നടത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top