കോഴിക്കോട്
മലബാറിൽ വനംവകുപ്പ് ആരംഭിക്കുന്ന ടൈഗർ സഫാരി പാർക്കിനായി പരിഗണിക്കുന്നത് മൂന്ന് പ്രദേശങ്ങൾ. ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ, പ്ലാന്റേഷൻ കോർപറേഷന് പാട്ടത്തിന് നൽകിയ പേരാമ്പ്ര എസ്റ്റേറ്റിന്റെ ഒരുഭാഗം എന്നിവയാണ് കോഴിക്കോട് ജില്ലയിൽ പരിഗണനയിലുള്ളത്. കണ്ണൂർ ജില്ലയിൽ ആറളം വന്യജീവി സങ്കേതത്തോട് ചേർന്ന പ്രദേശങ്ങളും ആലോചിക്കുന്നു. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് വൻ പദ്ധതി. നെയ്യാറിലെ ലയൺ പാർക്ക് മാതൃകയിലാണിത്. കടുവകളെയും മറ്റും സ്വതന്ത്രമായി വിട്ട് സുരക്ഷിതമായ വാഹനങ്ങളിൽ സഞ്ചരിച്ച് കാണാവുന്ന രീതിയിലാവും പാർക്ക്.
മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. അനുയോജ്യമായ സ്ഥലം നിശ്ചയിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്ങിന്റെ നേതൃത്വത്തിൽ എട്ടംഗ സമിതി രൂപീകരിച്ചു. സഫാരി പാർക്കിന്റെ പ്രാഥമിക നടപടി വേഗത്തിൽ ആരംഭിക്കാനും പൂർത്തിയാക്കാനും മന്ത്രി നിർദേശിച്ചു. അടുത്ത ദിവസം വിശദമായി ആലോചനായോഗം ചേരും.
പന്നിക്കോട്ടൂർ സംരക്ഷിത വനത്തിൽ 114 ഏക്കറാണ് കണ്ടെത്തിയത്. പേരാമ്പ്ര എസ്റ്റേറ്റിൽ സ്ഥലം നിർണയിച്ചിട്ടില്ല. വനംവകുപ്പ് പ്ലാന്റേഷൻ കോർപറേഷന് പാട്ടത്തിന് നൽകിയ ഭൂമി വിട്ടുകിട്ടുന്നതിന് സാങ്കേതിക തടസ്സമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. 60 ഏക്കറെങ്കിലും പദ്ധതിക്കായി വേണ്ടിവരും. ടൈഗർ സഫാരി പാർക്കിനുള്ള ആലോചനകൾ തുടങ്ങിയ ഘട്ടത്തിൽ തന്നെ പാരിസ്ഥിതിക നിയന്ത്രണങ്ങൾ കടുക്കുമെന്ന പ്രചാരണവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. വന്യജീവി സങ്കേതത്തിന് സമാനമാണിതെന്ന പ്രചാരണം നടത്തി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. പെരുവണ്ണാമൂഴി, തുഷാരഗിരി, കക്കയം ഡാമുകൾ ഉൾപ്പെടെയുള്ള ഇതര സഞ്ചാരകേന്ദ്രങ്ങളെ സഫാരി പാർക്കുമായി ബന്ധപ്പെടുത്തുന്നത് വഴി ധാരാളം സഞ്ചാരികൾ എത്തുകയും പ്രാദേശിക വികസനത്തിൽ വലിയ കുതിപ്പുണ്ടാവുകയും ചെയ്യുമെന്നതാണ് വസ്‌തുത.
തിരുവനന്തപുരം കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പദ്ധതിയുടെ ഭാഗമായി മലബാർ മേഖലയിൽനിന്ന് ലഭിക്കുന്ന കാട്ടാനകളെ സംരക്ഷിക്കാനുള്ള സാറ്റലൈറ്റ് സെന്റർ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കാൻ മന്ത്രി നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..