കോഴിക്കോട്
ജില്ലയിൽ റവന്യു വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റത്തിൽ വ്യാപകമായ ക്രമക്കേട് ആരോപിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തി.
സർക്കാർ തീരുമാനപ്രകാരം ഒരു വില്ലേജിൽ മൂന്നുവർഷം തുടർച്ചയായി സേവനം പൂർത്തിയാക്കിയ ഫീൽഡ് അസിസ്റ്റന്റുമാരെ സ്റ്റേഷനുള്ളിൽ തന്നെ ഓഫീസ് മാറ്റിനിയമിക്കാൻ ലാൻഡ് റവന്യു കമീഷണർ ഉത്തരവ് നൽകിയിരുന്നു. ഇതിന് വിരുദ്ധമായി മൂന്നുവർഷം പൂർത്തിയാക്കാത്തവരെയും ഭിന്നശേഷിക്കാരായ സൂപ്പർ ന്യൂമററി ജീവനക്കാരെയും ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയുമാണ് വകുപ്പിൽ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് ഉത്തരവ് ഇറങ്ങിയത്.
പ്രതിഷേധം സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, പ്രസിഡന്റ് ദൈത്യേന്ദ്രകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു.
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സി മുഹമ്മദ് റഫീക്കുമായി നടത്തിയ ചർച്ചയിൽ ഉത്തരവിലെ അപാകം പരിശോധിച്ച് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..