20 April Saturday

കരുതണം; ക്ഷ​യ​രോ​ഗം കൂടുന്നു

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023
 
കോ​ഴി​ക്കോ​ട്
ജി​ല്ല​യി​ൽ ക്ഷ​യ​രോ​ഗി​ക​ളു​ടെ എ​ണ്ണം കൂടുന്നു. ഒ​രു വ​ർ​ഷത്തിനുള്ളിൽ ഇ​രുനൂറോ​ളം പേ​ർ​ക്കാ​ണ് പു​തു​താ​യി ​രോഗല​ക്ഷ​ണം കണ്ടത്‌. പ്ര​മേ​ഹരോ​ഗി​ക​ളുടെ വർധനയും ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​വു​മാ​ണ് ക്ഷ​യ​രോ​ഗി​കൾ വർധിക്കാൻ ഇടയാക്കുന്നതെന്നാണ്‌ ആ​രോ​ഗ്യ വ​കു​പ്പിന്റെ നിരീക്ഷണം. 2021-ൽ  ​രി​ശോധ​ന​യി​ൽ 2340 പേ​ർ​ക്കാ​ണ് ​രോ​ഗ​ലക്ഷണം കാണപ്പെട്ട​ത്. 2020ൽ 2200 ആയിരുന്നു. 2022ൽ 2504 ആ​യി ഉയർന്നു. 
പരിശോധന കൂടിയതും രോഗികളുടെ എണ്ണം കൂടുതൽ റിപ്പോർട്ട്‌ ചെയ്യുന്നതിനിടയാക്കിയതായി ജില്ലാ ടി ബി ഓഫീസർ  ടി സി അനുരാധ പറഞ്ഞു. പ​ര​മാ​വ​ധി ക്ഷയരോ​ഗി​ക​ളെ ക​ണ്ടെത്തി ചി​കി​ത്സ​ക്ക്‌ വി​ധേ​യ​മാ​ക്കു​ക​യും സ​മ്പ​ർ​ക്ക​മു​ള്ള​വ​രെ പ്ര​തി​രോ​ധചി​കി​ത്സക്ക്‌ വി​ധേ​യ​മാ​ക്കു​ക​യും വ​ഴി രോ​ഗ​ത്തി​ന്റെ വ്യാ​പ്തി കു​റ​യ്ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്‌ ലക്ഷ്യമിടുന്നത്‌.​ 32,274 പേ​രെയാണ്‌ പരിശോധനയ്‌ക്ക്‌ വി​ധേ​യ​മാ​ക്കി​യത്‌. ഇ​തി​ൽ 7.6 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ്. കഫം പരിശോധന പലപ്പോഴും നടക്കാത്തതിനാൽ കുട്ടികളിൽ രോഗം കണ്ടെത്തൽ എളുപ്പമല്ലെന്നതാണ്‌ വെല്ലുവിളി. ജ​നു​വ​രി​യി​ൽ 1900 പേരെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 63 പുതി​യ കേസാ​ണ്  കണ്ടെത്തിയത്‌.  ന​വം​ബ​റി​ൽ 4300 പേ​രെ പ​രി​ശോ​ധിച്ച​പ്പോ​ൾ  233 കേ​സു​കൂടി ക​ണ്ടെ​ത്തി.​ ലോ​ക​ത്തെ ക്ഷ​യരോ​ഗി​ക​ളി​ൽ 28 ശ​ത​മാ​നം ഇ​ന്ത്യ​യി​ലാ​ണ്. 
കേരളത്തിൽ ക്ഷയരോഗികൾ കൂടാൻ പ്ര​ധാ​നകാരണം  പ്ര​മേ​ഹരോ​ഗി​ക​ളു​ടെ കുതിപ്പാണ്‌.  കേരളത്തിൽ 20 ശതമാനം ആളുകളും പ്ര​മേ​ഹബാധിതരാ​ണ്. ചെ​റു​പ്പ​ക്കാ​രിലടക്കം പ്ര​മേ​ഹം കൂ​ടു​ന്ന​താ​യാ​ണ് ക​ണ​ക്ക്.  പ്ര​മേ​ഹ​മു​ണ്ടാ​യാ​ൽ പ്ര​തി​രോ​ധശേ​ഷി കു​റ​യു​ന്ന​താ​ണ് ക്ഷ​യം വേ​ഗ​ത്തി​ൽ ബാ​ധി​ക്കാ​ൻ വ​ഴിവയ്‌ക്കു​ന്ന​ത്. ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ ക്ഷ​യ​രോ​ഗം കൂ​ടു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ. പോ​ഷ​കാ​ഹാ​രക്കു​റ​വും പു​ക​വ​ലി​യും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും ഈ ​വി​ഭാ​ഗ​ത്തെ  ക്ഷ​യ​രോ​ഗ​ത്തി​ലേ​ക്ക്‌ ന​യി​ക്കു​ന്നു. ദേ​ശീ​യ ശ​രാ​ശ​രി​യെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ ക്ഷ​യ​രോ​ഗം കു​റ​വാ​ണെ​ങ്കി​ലും ആ​രോ​ഗ്യമേ​ഖ​ല​യ്ക്ക് വെ​ല്ലു​വി​ളി​യാ​ണ്. കോ​വി​ഡ് ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ച്ച് 2025-ൽ ​ക്ഷ​യ​രോ​ഗനി​വാ​ര​ണം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​ണ് പ​ദ്ധ​തി. ‘അ​തെ, ന​മു​ക്ക് ക്ഷ​യ​രോ​ഗ​ത്തെ അ​തി​ജീ​വി​ക്കാം’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ക്ഷ​യ​രോ​ഗദി​ന സ​ന്ദേ​ശം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top